സൂപ്പർ കപ്പിൽ ഹൈദരാബാദ് എഫ് സിക്ക് വിജയ തുടക്കം. ഇന്ന് ഐസാളിനെ നേരിട്ട ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം റബീഹ് ഹൈദരബാദിനായി ഇന്ന നല്ല പ്രകടനം കാഴ്ചവെച്ചത്. യോഗ്യത മത്സരങ്ങൾക്ക് ശേഷമുള്ള മഞ്ചേരിയിലെ ആദ്യ സൂപ്പർ കപ്പ് മത്സരമായിരുന്നു ഇത്.
മലയാളി താരം റബീഹിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിക്കുന്നത് തന്നെ.ആദ്യ മിനുട്ടിൽ തന്നെ വലത് വിങ്ങിൽ നിന്നുള്ള മുന്നേറ്റം ഐസോൾ പ്രതിരോധം തടയുന്നതിനിടയിൽ ഹൈദരാബാദിന് അനുകൂലമായി ഫ്രീക്കിക്ക് ലഭിച്ചു. ഫ്രീക്കിക്ക് എടുത്ത ബോർജ ഹെരെര ഗോണ്സാലസിന്റെ കിക്ക് ഗോൾ പോസ്റ്റിൽ തട്ടി തെറിച്ചു.
തുടരെ വലത് വിങ്ങിൽ നിന്നുള്ള റബീഹിന്റെ മുന്നേറ്റം വന്നു. 17 ആം മിനുട്ടിൽ നീക്കങ്ങൾ ഫലം കണ്ടു. റബീഹിന്റെ ക്രോസ്സിൽ നിന്നുള്ള റീബൗണ്ട് ജോയിൽ ജോസഫ് പന്ത് വലയിലാക്കി ഹൈദരാബാദിനെ മുന്നിലെത്തിച്ചു.
ആദ്യ പകുതിക്ക് ശേഷം റാംസങ്കയെ പിൻവലിച്ച് സായിലൊയെ ഐസോൾ കളത്തിലിറക്കി.
51 ആം മിനുട്ടിൽ കളിയിലെ രണ്ടാം ഗോൾ പിറന്നു. ഹൈദരാബാദ് മുന്നേറ്റ താരം ആരെൻ ഡി സിൽവയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ഹൈദരാബാദ് എഫ്സിയുടെ ബ്രസീൽ താരം ജാവോ വിക്റ്റർ അനായാസം ഗോൾ വലയിലാക്കി.
തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള ഇഞ്ച്വറി ടൈമിൽ ഐസോളിന്റെ ബെലാരസ് താരം ഇവാൻ വെരാസ് ബോക്സിന് പുറത്ത് നിന്നും ലോങ്ങ് റേഞ്ചറിലൂടെ ആശ്വാസ ഗോൾ നേടി. ഹൈദരബാദിന്റെ അടുത്ത മത്സരം ഹൈദരാബാദിന് ഏപ്രിൽ 13 ന് ഈസ്റ്റ് ബംഗാളുമായാണ്. ഐസോൾ 13ന് തന്നെ ഒഡിഷയുമായും മത്സരിക്കും.