ഗോൾ മഴ പെയ്ത സൂപ്പർ കപ്പ് ക്വാളിഫയർ മത്സരത്തിൽ മുഹമ്മദൻസിനെതിരെ ഗംഭീര വിജയം കുറിച്ച് ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം കുറിച്ചാണ് ഗോകുലം ചിരപരിചിതമായ സ്വന്തം കോഴിക്കോടിന്റെ മണ്ണിലേക്ക് ടിക്കറ്റ് എടുത്തത്. ഒമർ റാമോസ്, സൗരവ്, ഫാർഷാദ് നൂർ, താഹിർ സമാൻ, അബ്ദുൽ ഹക്കു എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. മുഹമ്മദൻസിന്റെ ആശ്വാസ ഗോളുകൾ അബിയോള ദൗഡയാണ് കുറിച്ചത്. സൂപ്പർ കപ്പ് ഗ്രൂപ്പ് സി യിലേക്കാണ് ഗോകുലം കടക്കുക. എഫ്സി ഗോവ, എടികെ മോഹൻ ബഗാൻ, ജാംഷദ്പൂർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ആദ്യ മിനിറ്റിൽ തന്നെ നൗഫലിന്റെ ബോക്സിനുള്ളിൽ നിന്നുള്ള ശ്രമം മിഥുൻ കൈക്കലാകുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. പത്താം മിനിറ്റിൽ ഗോകുലം ലീഡ് എടുത്തു. ഓസർ റാമോസ് ആണ് വല കുലുക്കിയത്. സമുവലിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 27ആം മിനിറ്റിൽ മുഹമ്മദൻസ് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമിനും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഇതേ സ്കോറിന് പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വരാനുള്ളതിന്റെ സൂചനകൾ നൽകി ഗോകുലം ലീഡ് എടുത്തു. എതിർ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്ന് 21 കാരൻ സൗരവ് ആണ് 47ആം മിനിറ്റിൽ വല കുലുക്കിയത്. എന്നാൽ ഗോൾ വഴങ്ങി ഒരു മിനിറ്റ് തികയുന്നതിന് മുൻപ് വീണ്ടും ദൗഡയിലൂടെ മുഹമ്മദൻസ് സമനില നേടി. 64 ആം മിനിറ്റിൽ മികച്ചൊരു റൺ എടുത്തു മുന്നേറിയ ഫാർഷാദ് നൂർ, ബോക്സിലേക്ക് കയറി ഗംഭീരമായ ഫിനിഷിങിലൂടെ വീണ്ടും ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. 77ആം മിനിറ്റിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് വർധിപ്പിച്ചു. മുഴുവൻ സമായത്തിന് ആറു മിനിറ്റ് ബാക്കി നിൽക്കെ അബ്ദുൽ ഹക്കുവിന്റെ ഗോളോടെ ഗോകുലം വിജയം അരക്കട്ടുറപ്പിച്ചു.