സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ ഫെസ്റ്റ്. ഇന്ന് നടന്ന ക്വാർട്ടർ പോരിൽ എഫ് സി ഗോവയും ജംഷദ്പൂരും ഏറ്റുമുട്ടിയപ്പോൾ ഏഴു ഗോളുകൾ ആണ് പിറന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് എഫ് സി ഗോവ വിജയിച്ച് സെമിയിലേക്ക് കടന്നു. അവസാന 10 മിനുട്ടുകളോളം 10 പേരുമായി കളിച്ചാണ് എഫ് സി ഗോവ വിജയിച്ചത്.
കളിയിൽ സ്കോർ 4-3 എന്നാണെങ്കിലും എഫ് സി ഗോവയുടെ ആധിപത്യമാണ് തുടക്കം മുതൽ കണ്ടത്. 23ആം മിനുട്ടിൽ എഡു ബേഡിയയിലൂടെ എഫ് സി ഗോവ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് മൊർഗാഡോ സംഭാവന ചെയ്ത സെൽഫ് ഗോളിലൂടെ ഗോവ രണ്ട് ഗോളിന് മുന്നിൽ എത്തുകയും ചെയ്തു.
രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ സെറിട്ടണിലൂടെ മൂന്നാംഗോളും എഫ് സി ഗോവ നേടി. അതിനു ശേഷം മാത്രമാണ് ജംഷദ്പൂർ മികച്ച കളി പുറത്തെടുക്കാൻ തുടങ്ങിയത്. 69ആം മിനുട്ടിൽ മൊർഗാഡോയിലൂടെ ഒരു ഗോൾ മടക്കി ജംഷദ്പൂർ പ്രതീക്ഷ തിരികെ കൊണ്ടുവന്നു. എന്നാൽ നാലു മിനുറ്റുകൾക്ക് അകം ഒരു പെനാൾട്ടി വലയിൽ എത്തിച്ച് കോറോ സ്കോർ 4-1എന്നാക്കി. സിഡൊഞ്ചയും കാല്വോയും നേടിയ ഗോളുകളൊടെ 4-3 എന്ന നിലയിലേക്ക് കളി എത്തിയതോടെ മത്സരത്തിന്റെ അവസാനം ആവേശകരമായി. 82ആം മിനുട്ടിൽ എഡി ബേഡിയ ചുവപ്പ് കണ്ടതോടെ ഗോവ 10 പേരായി ചുരുങ്ങുകയും ചെയ്തിരുന്നു. എന്നാൽ സെമിയിലേക്ക് കടക്കാനുള്ള ഡിഫൻസീവ് അവസാനം പുറത്തെടുക്കാൻ കഴിഞ്ഞത് ഗോവയ്ക്ക് രക്ഷയായി.