ജംഷദ്പൂർ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സൂപ്പർ കപ്പ് ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. ബെംഗളൂരുവിന്റെ ടച്ചോട് കൂടിയാണ് ആദ്യ പകുതി തുടങ്ങുന്നത്. 3ആം മിനുട്ടിൽ ജംഷഡ്പൂരിന് കളിയിലെ ആദ്യ അവസരം ലഭിച്ചു. ജയ് ആസ്റ്റൺ ഗോളിന് ശ്രമിച്ച പന്ത് ബെംഗളൂരു കീപ്പർ ഗുർപീത് തടഞ്ഞിട്ടു. ഗോൾ പോസ്റ്റിൽ തട്ടി തെറിച്ച ബോൾ ജംഷഡ്പൂരിന്റെ നൈജീരിയൻ താരം ഡാനിയൽ ചിമ വലക്കുള്ളിലേക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
16 ആം മിനുട്ടിൽ ബെംഗളൂരുവിന്റെ നാല് താരങ്ങളെ ഡ്രിബിൾ ചെയ്ത് ഇമ്മാനുവൽ തോമസ് മുന്നിലോട്ട് കയറി ബോക്സിൽ നിൽക്കുകയായിരുന്ന ബോറിസിന് പന്ത് കൈമാറി. ബോറിസ് പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ഗുർപീത് തടുത്തിട്ടു.
23 ആം മിനുട്ടിൽ പന്തുമായി മുന്നേറുകയായിരുന്ന ഡാനിയൽ ചിമയെ ജിങ്കൻ പിറകിൽ നിന്ന് വീഴ്ത്തിയതിന് ജംഷഡ്പൂരിന് അനുകൂലമായി ബോക്സിന് തൊട്ട് പിറകെ നിന്നും ഫ്രീകിക്ക് ലഭിക്കുന്നു.ക്രിവിലിയാരോ എടുത്ത ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിൽ പുറത്ത് പോകുന്നു.
30 ആം മിനുട്ടിൽ ബാംഗ്ലൂരുവിന്റെ ജാവിയർ ഹെർണാണ്ടസ് പരിക്ക് പറ്റി പുറത്ത് പോയി.പകരം ജയേഷ് റാനെ കളത്തിലിറങ്ങി.
ആദ്യ പകുതിയിൽ ജംഷഡ്പൂരാണ് നന്നായി കളിച്ചത്. ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾ പ്രതിരോധത്തിൽ തട്ടി തെറിച്ച് കിട്ടിയ കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ബാംഗ്ലൂർ മുന്നേറ്റം നടത്തിയത്.ജംഷഡ്പൂരിന്റെ ഇമ്മാനുവൽ തോമസ്, ക്രിവിലിയാരോ, ഡാനിയൽ ചിമ തുടങ്ങിയവർ ആദ്യ പകുതിയിൽ മികച്ച് കളിച്ചു.
രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനിറ്റുകളിൽ ബാംഗ്ളൂരു ഉണർന്ന് കളിച്ചു. 53 ആം മിനുറ്റിൽ ജംഷഡ്പൂരിന്റെ ബോറിസിനെ ഫൗൾ ചെയ്തതിന് ജിങ്കന് റഫറി മഞ്ഞ കാർഡ് നൽകി.
58 ആം മിനുറ്റിൽ ബാംഗ്ലൂരിന്റെ രണ്ടാം സബ് വന്നു. രോഹിത് കുമാറിനെ പിൻവലിച്ച് സ്പാനിഷ് താരം പാബ്ലോ പേരെസിനെയിറക്കി. 60ആം മിനുറ്റിൽ ജയേഷ് റാനെയെ ഫൗൾ ചെയ്തതിന് ജംഷാഡ് പൂർ ഡിഫണ്ടർ ഡിൻലിയാനക്ക് റഫറി മഞ്ഞ കാർഡ് നൽകി.
62 ആം മിനുറ്റിൽ വലത് വിങ്ങിൽ നിന്നും ശിവശക്തിയുടെ ബോക്സിലേക്കുള്ള ക്രോസ്സ് ജംഷഡ്പൂരിന്റെ ജിതേന്ദ്ര സിംഗിന്റെ തലയിൽ തട്ടി റിഫ്ലക്കറ്റായി ബാംഗ്ലൂരുവിന്റെ ജയേഷ് റാനെക്ക് കിട്ടി. പോസ്റ്റിന്റെ വലത് മൂലയിലേക്ക് തല കൊണ്ട് മറിച്ച് നൽകി ജയേഷ് റാനെ ബെംഗളൂരുവിനെ ഒരു ഗോളിന്റെ ലീഡിലെത്തിച്ചു.70 ആം മിനുറ്റിൽ റോയ് കൃഷ്ണയുടെ ഗോളി മാത്രം മുമ്പിൽ നിൽക്കെയുള്ള മുന്നേറ്റം ജംഷഡ്പൂർ മലയാളി ഗോൾക്കീപ്പർ തടഞ്ഞു.
77 ആം മിനുറ്റിൽ ജംഷഡ്പൂർ ഇമ്മാനുവൽ തോമസിനെ പിൻവലിച്ച് സൂപ്പർ കപ്പിൽ കഴിഞ്ഞ മൂന്ന് കളിയിലും ഗോൾ കണ്ടെത്തിയ ഹരിസൺ ഹിക്കിയെ കളത്തിലിറക്കി. 83 ആം മിനുറ്റിൽ ചേത്രി ബെംഗളൂരുവിനു വേണ്ടി രണ്ടാം ഗോൾ നേടി. റോയ് കൃഷ്ണയുടെ വലത് വിങ്ങിൽ നിന്നുമുള്ള ഒന്നാന്തരം കിക്ക് രഹനേഷ് മുകളിലേക്ക് ചാടിയുതിർന്ന് തടുത്തിട്ടു, ബോക്സിൽ വീണ പന്തിനെ ശിവ ശക്തി ഇടത് വിങ്ങിൽ നിൽക്കുകയായിരുന്ന ചെത്രിയിലേക്ക് മറിച്ച് നൽകി. ചേത്രി അനായാസം പന്ത് വലയിലേക്കടിച്ചു.
88 ആം മിനുറ്റിൽ മുന്നേറ്റ താരം റോയ് കൃഷ്ണയെ പിൻവലിച്ച് പ്രതിരോധ താരം ജോവോനോവിക് നെ കളത്തിലിറക്കി ബംഗ്‌ളൂരു പ്രതിരോധത്തിന് മൂർച്ച കൂട്ടി.ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞ ജംഷഡ്പൂരിന് രണ്ടാം പകുതിയിൽ അവസരത്തിനൊത്തുയരാൻ കഴിഞ്ഞില്ല.
ജംഷഡ്പൂർ മുന്നേട്ടങ്ങൾക്ക് മുന്നിൽ മതിൽ പോലെ നിന്ന ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗാണ് ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.