കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് 1-1 എന്ന സമനല ആണ് വഴങ്ങിയത്. സമനില നേടിയ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്കും മുന്നേറി.
മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെ സൗരവിന്റെ നേതൃത്വത്തിൽ രണ്ട് നല്ല മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിന് ആയെങ്കിലും ലക്ഷ്യം കണ്ടില്ല. 23ആം മിനുട്ടിൽ ആണ് ബെംഗളൂരു എഫ് സി ലക്ഷ്യം കണ്ടത്. റോയ് കൃഷ്ണയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സിയുടെ ഗോൾ. ഈ ഗോൾ ബെംഗളൂരു എഫ് സിയെ ശക്തരാക്കി. ഇതിനു ശേഷം ബെംഗളൂരു എഫ് സി നല്ല അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. എങ്കിലും ആദ്യ പകുതിയിൽ കളി 1-0 എന്ന് തുടർന്നു.
രണ്ടാം പകുതിയിൽ എല്ലാം നൽകി തിരിച്ചടിക്കാൻ ബാസ്റ്റേഴ്സിനായില്ല. ദിമിയുടെ ഒരു ഫ്രീകിക്ക് വന്നെങ്കിലും അത് ഗുർപ്രീതിന് വലിയ വെല്ലുവിളി ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ നടത്തിയിട്ടും ഫലം മാറിയില്ല. നിശുവിനും രാഹുലിനും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുവരുടെയും ഷോട്ടുകൾ ഗുർപ്രീതിനു നേരെ ആയിരുന്നു.76ആം മിനുട്ടിൽ ദിമിത്രിയോസിന്റെ ഒരു ഹെഡർ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സ്കോർ 1-1. അപ്പോഴും ബ്ലാസ്റ്റേഴ്സിന് സെമിയിൽ എത്താൻ ഒരു ഗോൾ കൂടെ വേണ്ടിയിരുന്നു.
80ആം മിനുട്ടിൽ വിബിന്റെ മികച്ച ഷോട്ട് ഗുർപ്രീത് തടഞ്ഞു. 81ആം മിനുട്ടിൽ ജീക്ന്റെ ഒരു ഇടം കാലൻ കേർളറും ഗോളിന് അടുത്ത് എത്തി. 95ആം മിനുട്ടിൽ ദിമിയുടെ ഒരു ഷോട്ടും ഗുർപ്രീത് തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വിജയ ഗോൾ മാത്രം വന്നില്ല. കളി സമനിലയിൽ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോൽപ്പിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി. ബെംഗളൂരു 5 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചപ്പോൾ ശ്രീനിധയും ബ്ലാസ്റ്റേഴ്സും നാലു പോയിന്റ് മാത്രമെ നേടിയുള്ളൂ