രണ്ടാമത് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തീരുമാനമായി. ഇന്നലെ നടന്ന ഐലീഗ് മത്സര ഫലങ്ങളോടെ ഇന്ത്യൻ ആരോസാകും കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഉറപ്പായി. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമുമായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്. അങ്ങനെയാണ് ആരോസ് എതിരാളികളായി എത്തിയത്.
മാർച്ച് 15ന് ഭുവനേശ്വറിൽ വെച്ചാകും കേരള ബ്ലാസ്റ്റേഴ്സ് ആരോസുമായി ഏറ്റുമുട്ടുക. രാത്രി 7.30ന് ആയിരിക്കും മത്സരം നടക്കുക. ഐ എസ് എല്ലിൽ നിരാശ മാത്രമായിരുന്നു എന്നതിനാൽ സൂപ്പർ കപ്പിൽ എങ്കിലും അത്ഭുതങ്ങൾ കാണിച്ച് മുന്നേറണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ ടീമിൽ ഉള്ള സഹലും ധീരജ് സിംഗും ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ പങ്കെടുക്കുക.
ദേശീയ ടീമിനൊപ്പം ആയതിനാൽ ഇന്ത്യൻ ആരോസ് ടീമിലും പല താരങ്ങളും ഉണ്ടായേക്കില്ല. ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ആരോസിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല.
ഡെൽഹി ഡൈനാമോസൊ, പൂനെ സിറ്റിയോ ആകും ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. മിനേർവ പഞ്ചാബിന് ഒരു മത്സരം കൂടെ ഐലീഗിൽ ബാക്കിയുള്ളത് കൊണ്ടാണ് ഗോകുലത്തിന്റെ എതിരാളികൾ ഇനിയും ഉറപ്പാകാത്തത്.