ഐ എലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും കളിക്കുന്ന സൂപ്പർ കപ്പ് അനിശ്ചിതത്വത്തിൽ തന്നെ തുടരുന്നു. ടൂർണമെന്റിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ 7 ഐലീഗ് ക്ലബുകളാണ് ടൂർണമെന്റിൽ കളിക്കില്ല എന്ന് എ ഐ എഫ് എഫിനെ അറിയിച്ചിരിക്കുന്നത്. ഏഴു ക്ലബുകളും സംയുക്തമായി സ്റ്റേറ്റ്മെന്റും പുറത്ത് വിട്ടിട്ടുണ്ട്
കേരള ക്ലബായ ഗോകുലം, കൊൽക്കത്തയിലെ വൻ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി, മുൻ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്, ഐസാൾ എന്നീ ക്ലബുകളാണ് സംയുക്തമായ പ്രസ്താവന പുറത്തിറക്കിയത്. ഐലീഗിനോട് എ ഐ എഫ് എഫ് സ്വീകരിക്കുന്ന സമീപനം ശരിയെല്ല എന്ന കാരണം പറഞ്ഞാണ് ക്ലബുകളുടെ പിന്മാറ്റം.
റിയൽ കാശ്മീർ, ഷില്ലോങ്ങ് ലജോങ്, ചർച്ചിൽ എന്നീ ക്ലബുകൾ ആണ് ഈ പ്രതിഷേധത്തിൽ ഒപ്പമില്ലാത്ത ഐലീഗ് ക്ലബുകൾ. ഈ സീസണോടെ ഐലീഗിലെ രണ്ടാം ഡിവിഷനായി മാറ്റാൻ എ ഐ എഫ് എഫ് ഒരുങ്ങുന്ന എന്ന അഭ്യൂഹം ശക്തമായിരിക്കെ ആണ് ക്ലബുകളുടെ പ്രതിഷേധം. ഐലീഗ് ക്ലബുകൾ അടുത്ത സീസണിലും ആദ്യ ഡിവിഷനിൽ തന്നെ തുടരും എന്ന ഉറപ്പാണ് ഐലീഗ് ക്ലബുകൾക്ക് വേണ്ടത്.
എ ഐ എഫ് എഫ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമെ തങ്ങൾ ഇനി കളത്തിൽ ഇറങ്ങുകയുള്ളൂ എന്ന് ക്ലബുകൾ പ്രസ്താവനയിൽ പറയുന്നു.