സൂപ്പർ കപ്പ് സീസൺ അവസാനത്തിൽ നടത്തുന്നത് ശരിയല്ല എന്നും സീസണ് ഇടയിൽ തന്നെ നടക്കണമായിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഇവാൻ വുകമാനോവിച്. ലോകത്ത് എല്ലാവിടെയും നടക്കുന്നത് പോലെ സീസണ് ഇടയിൽ ആണ് കപ്പ് ടൂർണമെന്റുകൾ നടക്കേണ്ടത്. അതാണ് ടീമുകൾക്കും താരങ്ങൾക്കും ഗുണം ചെയ്യുക.
മൂന്ന് ലീഗ് മത്സരങ്ങൾ അതിനിടയിൽ ഒരു കപ്പ് മത്സരം എന്ന രീതിയിൽ കപ്പ് മത്സരങ്ങൾ നടക്കുക ആണെങ്കിൽ ടീമുകൾക്ക് അവരുടെ ഡെപ്ത് മെച്ചപ്പെടുത്താൻ ആകും. യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ മെച്ചപ്പെടുത്താനും ആകും. ടീമുകൾക്കും കളിക്കാൻ ആവേശമുണ്ടായേനെ എന്നും ഇവാൻ പറഞ്ഞു. സീസൺ കഴിഞ്ഞ് ഒരു കപ്പ് ടൂർണമെന്റ് നടക്കുമ്പോൾ പല ടീമുകൾക്കും അതിൽ യാതൊരു താല്പര്യവും കാണില്ല. ഇവാൻ പറയുന്നു.
ഏഷ്യൻ യോഗ്യത ഒന്നും സൂപ്പർ കപ്പ് ജയിച്ചാൽ ലഭിക്കില്ല എന്നത് കൊണ്ട് പല ടീമുകളും അവരുടെ രണ്ടാം ടീമിനെയും യുവതാരങ്ങളെയും ആകും അയക്കുക. പലരും അവരുടെ വിദേശ താരങ്ങളെ ആ സമയം ആകുമ്പോഴേക്കും റിലീസ് ചെയ്യും എന്നും ഇവാൻ പറയുന്നു.