ഇന്ത്യൻ ഫുട്ബോൾ പരിശീലകനായി നിയമിക്കപ്പെട്ട ക്രൊയേഷ്യൻ പരിശീലകൻ സ്റ്റിമാചിനെ സ്വാഗതം ചെയ്ത് സുനിൽ ഛേത്രി. ട്വിറ്ററിലൂടെയാണ് സ്റ്റിമാചിന്റെ വരവിനെ ഛേത്രി സ്വാഗതം ചെയ്തത്. ലോക ഫുട്ബോളിന്റെ വലിയ വേദികളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയ സമ്പത്തുമായാണ് സ്റ്റിമാച് വരുന്നത് എന്നും അത് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യുമെന്നും ഛേത്രി പറഞ്ഞു.
മുമ്പ് ക്രൊയേഷ്യൻ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് സ്റ്റിമാച്. ക്രൊയേഷ്യക്ക് ഒപ്പം ലോകകപ്പ് കളിച്ച താരവുമാണ് സ്റ്റിമാച്. പുതിയ പരിശീലകന്റെ വരവ് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയാണെന്നും താനും ഇന്ത്യക്കായി കളിക്കുന്ന മറ്റു താരങ്ങളും പുതിയ പരിശീലകനു കീഴിൽ കളിക്കാൻ ഒരുങ്ങുകയാണെന്നും ഛേത്രി പറഞ്ഞു. പരിശീലകൻ മാറിയാലും തങ്ങളുടെ ഇന്ത്യക്കായി പോരാടാനുള്ള ആഗ്രഹം മാറില്ല എന്നും. ആരാധകർ കൂടെ ഒപ്പം ഉണ്ടെങ്കിൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ അദ്ധ്യായം കുറിക്കാമെന്നും ഛേത്രി പറഞ്ഞു.