ഇന്നലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടയിൽ പരിശീലകൻ ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് നേടിയിരുന്നു. പാകിസ്താൻ താരം ത്രോ എറിയുന്നതിനിടയിൽ തടഞ്ഞതിനായിരുന്നു ചുവപ്പ് കാർഡ് ലഭിച്ചത്. എന്നാൽ താൻ ചെയ്തതിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ല എന്നും ഇനിയും തന്റെ താരങ്ങൾക്ക് എതിരെ അനീതി നടന്നാൽ ഇടപെടും എന്നും കോച്ച് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു സ്റ്റിമാചിന്റെ പ്രതികരണം.
“ഫുട്ബോൾ ആവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിന്റെ നിറങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ. ഇന്നലത്തെ എന്റെ പ്രവൃത്തികൾക്കായി നിങ്ങൾക്ക് എന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം.” സ്റ്റിമാച് തുടർന്നു. “പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാൻ ആകാത്ത തീരുമാനങ്ങളിൽ നിന്ന് ഞങ്ങളുടെ താരങ്ങളെ പിച്ചിൽ സംരക്ഷിക്കാൻ ഞാൻ ഇത് വീണ്ടും ചെയ്യും.” സ്റ്റിമാച് പറഞ്ഞു.
ഇന്നലെ ഇന്ത്യ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ചുവപ്പ് കാർഡ് കിട്ടിയത് കൊണ്ട് സ്റ്റിമാചിന് നേപ്പാളിന് എതിരായ മത്സരത്തിൽ ടച്ച് ലൈനിൽ ഉണ്ടാകാൻ ആയില്ല.