സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: മലപ്പുറത്തിന് കിരീടം

Newsroom

Picsart 23 08 23 19 59 28 087
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: പൊരുതിക്കളിച്ച ആതിഥേയരായ എറണാകുളത്തെ 4-2ന് തോല്‍പ്പിച്ച് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം. 2-1ന് പിന്നില്‍ നിന്ന ശേഷമാണ് നിലവിലെ ജേതാക്കളായ മലപ്പുറം കിരീടപ്പോരാട്ടം വിജയിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ബോസ് തോങ്ബാമിന്റെ ഗോളില്‍ മലപ്പുറം ലീഡ് നേടി. രണ്ട് മിനിറ്റുകള്‍ക്കം കെവിന്‍ അനോജിലൂടെ എറണാകുളം തിരിച്ചടിച്ചു.

മലപ്പുറം 23 08 23 19 59 05 503

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മധവേഷ് കൃഷ്ണയിലൂടെ ലീഡ് പിടിച്ച എറണാകുളത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പിന്നീട് മലപ്പുറത്തിന്റേത്. കളം നിറഞ്ഞ് കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി ജയം ഉറപ്പാക്കുകയായിരുന്നു. സിനാന്‍ ജലീല്‍ ഇരട്ടഗോള്‍ നേടി. ഗോള്‍വേട്ടക്കാരന്‍ അക്ഫല്‍ അജാസ് കലാശക്കളിയിലും ഗോള്‍വല ചലിപ്പിച്ചു.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കാസര്‍ക്കോട് 4-3ന് തൃശൂരിനെ തോല്‍പ്പിച്ചു. കാസര്‍ഗോഡിനായി അബ്ദുല്ല റൈഹാന്‍ ഹാട്രിക് നേടി. കാസര്‍ഗോഡിന്റെ ഉമര്‍ അഫാഫ് ആണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍കീപ്പര്‍ നിരഞ്ജന്‍ എ (കോഴിക്കോട്), മികച്ച ഡിഫന്‍ഡര്‍ ധ്യാന്‍കൃഷ്ണ എസ് (എറണാകുളം) മികച്ച മിഡ്ഫീല്‍ഡര്‍ അജ്‌സല്‍ റബീഹ് (മലപ്പുറം) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍. അരീക്കോട് ഓറിയന്റ് സ്‌കൂള്‍ അധ്യാപകന്‍ സി.ഷാനിലാണ് മലപ്പുറം ടീമിനെ പരിശീലിപ്പിച്ചത്. ഇസ്മാഈല്‍ ചെങ്ങര മാനേജര്‍. സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

Picsart 23 08 23 19 59 45 134

എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി വിജു ചൂളയ്ക്കല്‍, കെ.എഫ്.എ വൈസ് പ്രസിഡന്റ് പി.പൗലോസ്, മുന്‍ ഇന്ത്യന്‍ താരം സി.സി ജേക്കബ്, ജോസ് ലോറന്‍സ്, ഡെറിക് ഡി കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.