സംസ്ഥാന ജൂനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം-എറണാകുളം ഫൈനല്‍

Newsroom

കൊച്ചി: സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളി നാളെ. വൈകിട്ട് 4ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപോരാട്ടത്തില്‍ മലപ്പുറം എറണാകുളത്തെ നേരിടും. രാവിലെ 7.30ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ കാസര്‍ഗോഡ് തൃശൂരിനെ നേരിടും.

Picsart 23 08 22 20 38 20 055

ചൊവ്വാഴ്ച വൈകിട്ട് നടന്ന ആദ്യസെമിയില്‍ കാസര്‍ഗോഡിനെ സഡന്‍ഡെത്തില്‍ (7-6) തോല്‍പ്പിച്ചാണ് മലപ്പുറം തുടര്‍ച്ചയായ രണ്ടാം തവണയും കലാശക്കളിക്ക് യോഗ്യത നേടിയത്. 9ാം മിനിറ്റില്‍ റിഹാന്‍ അബ്ദുല്‍ അസീസ് നേടിയ ഗോളില്‍ മുന്നിലെത്തിയ കാസര്‍ഗോഡിനെ, 60ാം മിനിറ്റില്‍ അജ്‌സല്‍ റബീഹിന്റെ ഗോളില്‍ നിലവിലെ ജേതാക്കളായ മലപ്പുറം ഒപ്പംപിടിച്ചു.

Picsart 23 08 22 20 37 54 457

നിശ്ചിത സമയത്തും (1-1), ടൈബ്രേക്കറിലും (3-3) ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാം സെമിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലാണ് എറണാകുളം നിലവിലെ റണ്ണേഴ്‌സ് അപ്പായ തൃശൂരിനെ അട്ടിമറിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ജോഷ്വ ജെ തയില്‍ വിജയഗോള്‍ നേടുകയായിരുന്നു.

നാളെ വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.