ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധി: നിർണായക ചർച്ചയ്ക്കായി കായിക മന്ത്രി ഇന്ന് യോഗം വിളിച്ചു

Newsroom

Noah Blasters


ഇന്ത്യൻ ഫുട്ബോളിലെ പ്രധാന കക്ഷികളുമായി ചർച്ച നടത്താൻ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് (ഡിസംബർ 3) യോഗം വിളിച്ചുചേർക്കും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ്ബുകൾ, ഐ-ലീഗ് ടീമുകൾ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്), ബ്രോഡ്കാസ്റ്റർമാർ, വാണിജ്യ പങ്കാളികളാകാൻ സാധ്യതയുള്ളവർ എന്നിവരുമായിട്ടാണ് നിർണായക ചർച്ച നടക്കുക.


ഐ.എസ്.എല്ലിന്റെ മുൻ വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമായുള്ള (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്‌സ് ഉടമ്പടി പുതുക്കുന്നതിലെ വെല്ലുവിളികൾ കാരണം, നിലവിൽ ഐ.എസ്.എൽ അനിശ്ചിതമായി നിർത്തിവച്ചിരിക്കുകയാണ്. ഈ വാണിജ്യപരവും പ്രവർത്തനപരവുമായ പ്രതിസന്ധി പരിഹരിച്ച് ഇന്ത്യൻ ആഭ്യന്തര ഫുട്ബോൾ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ ഇടപെടൽ.

ഫുട്ബോളിന്റെ ഭാവി ഫിഫാ നിയമങ്ങൾ ഉൾപ്പെടെയുള്ള ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി നിലനിർത്താൻ, പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ കായിക മന്ത്രാലയത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം. ഫെഡറേഷന്റെ ഇടപാട് ഉപദേഷ്ടാക്കളായ കെ.പി.എം.ജി ഇന്ത്യ സർവീസസ് എൽ.എൽ.പി. സാമ്പത്തിക, ഘടനാപരമായ ഉൾക്കാഴ്ചകൾ നൽകുന്നതുൾപ്പെടെയുള്ള സമഗ്രമായ ചർച്ചകളാണ് ഇന്ന് നടക്കുക.