19 വർഷത്തെ ഇടവേളക്ക് ശേഷം ലീഗ് കിരീടം സ്വന്തമാക്കി സ്പോർട്ടിങ് ലിസ്ബൺ

Staff Reporter

19 വർഷത്തെ ഇടവേളക്ക് ശേഷം പോർച്ചുഗലിൽ ലീഗ് കിരീടം സ്വന്തമാക്കി സ്പോർട്ടിങ് ലിസ്ബൺ. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബോവിസ്റ്റയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പോർട്ടിങ് ലിസ്ബൺ കിരീടം ഉറപ്പിച്ചത്. സ്‌ട്രൈക്കർ പൗളിനോയാണ് മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബന്റെ ഏക ഗോൾ നേടിയത്. ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 32 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയ സ്പോർട്ടിങ് ലിസ്ബൺ കിരീടം സ്വന്തമാക്കിയത്.

രണ്ടാം സ്ഥാനത്തുള്ള പോർട്ടോയെക്കാൾ 8 പോയിന്റിന്റെ ലീഡ് സ്പോർട്ടിങ് ലിസ്ബൺ നേടിയതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും സ്പോർട്ടിങ് ലിസ്ബൺ പരാജയപ്പെടുകയും ചെയ്തിട്ടില്ല. പോർട്ടോയുടെയും ബെനെഫിക്കയുടെയും 19 വർഷത്തെ ആധിപത്യമാണ് ഇതോടെ സ്പോർട്ടിങ് ലിസ്ബൺ അവസാനിപ്പിച്ചത്. 2002ലാണ് സ്പോർട്ടിങ് ലിസ്ബൺ അവസാനമായി പോർച്ചുഗലിൽ ലീഗ് കിരീടം സ്വന്തമാക്കിയത്.