ബൈസൈക്കിൾ ഗോളോടെ ശഖീരി അരങ്ങേറ്റം, യുണൈറ്റഡിനെതിരെ ലിവർപൂളിന് 4-1 ജയം

ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ വൈരികളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ ജയം ലിവർപൂളിനൊപ്പം. അമേരിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. അരങ്ങേറ്റം ഗംഭീരമാക്കിയ ശഖീരിയാണ് ഇന്ന് താരമായത്.

മൊഹമ്മദ് സലായെയും മാനെയെയും മുന്നിൽ നിർത്തി ഇറങ്ങിയ ലിവർപൂൾ തന്നെയാണ് മത്സരത്തിൽ കൂടുതൽ ആക്രമിച്ചു കളിച്ചതും. 28ആം മിനുട്ടിൽ സലാ നേടിക്കൊടുത്ത പെനാൾട്ടി ആയിരുന്നു കളിയിലെ ആദ്യ ഗോൾ പിറന്നത്. പെനാൾട്ടി മാനെ ലക്ഷ്യത്തിൽ എത്തിച്ചു. ഗോളിന് ശേഷം കളി പുനരാരംഭിച്ച ഉടനെ തന്നെ ലഭിച്ച ഫ്രീകിക്ക് ഗംഭീര സ്ട്രൈക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച ബ്രസീലിയൻ യുവതാരം പെരേര മാഞ്ചസ്റ്ററിന് സമനില നേടിക്കൊടുത്തു.

ആ സമനില 66ആം മിനുട്ട് വരെ നീണ്ടു നിന്നു. ലിവർപൂളിന്റെ പുതിയ സൈനിംഗ് ശഖീരിയാണ് സമനില ഭേദിക്കാൻ സഹായിച്ചത്. ശഖീരി ഒരുക്കി കൊടുത്ത പാസിൽ നിന്ന് സ്റ്റുറിഡ്ജ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി‌. സ്റ്റുറിഡ്ജ് സബായി ഇറങ്ങിയ ആദ്യ മിനുട്ടിൽ തന്നെയായിരുന്നു ഗോൾ പിറന്നതും. 74ആം മിനുട്ടിൽ ഹെരേര വഴങ്ങിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഓജോ സ്കോർ ലിവർപൂളിന് അനുകൂലമായി 3-1 എന്നാക്കി.

പിന്നീടായിരുന്നു മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ പിറന്നത്. അരങ്ങേറ്റക്കാരനായ ശഖീരി ബൈസൈക്കിൾ കിക്കിലൂടെയാണ് ലിവർപൂളിന്റെ വിജയം 83ആം മിനുട്ടിൽ ഉറപ്പിച്ചത്. ശഖീരി മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രസീലിയൻ താരം ഫ്രെഡും ഇന്ന് അരങ്ങേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്റർ മിലാനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ചെൽസിക്ക് ജയം
Next articleഗോകുലം എഫ് സിയുടെ ഡിഫൻഡറും നോർത്ത് ഈസ്റ്റിൽ