വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് കിരീടം. ഫൈനലിൽ ഫിഫ മഞ്ചേരിയെ ടോസിന്റെ ഭാഗ്യത്തിൽ മറികടന്നാണ് അൽ മദീന കിരീടം നേടിയത്. ഇന്ന് വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനലിൽ കണ്ടത് സെവൻസിൽ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും വലിയ ജനം ആയിരുന്നു. സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന അൽ മദീന ചെർപ്പുളശ്ശേരിയും ഫിഫ മഞ്ചേരിയും തമ്മിലുള്ള പോരാട്ടത്തിന് ജനങ്ങൾ വണ്ടൂരിലേക്ക് ഒഴുകി എത്തുക ആയിരുന്നു.
ഫൈനലിൽ ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. ഫിഫ മഞ്ചേരിയുടെ എറിക് ഒരു ഫ്രീകിക്കിലൂടെ ഗോളിന് അടുത്ത് എത്തിയെങ്കിൽ മദീൻയ്യുടെ കീപ്പറുടെ മികവ് കളി ഗോൾ രഹിതമായി നിലനിർത്തി. കളി ഗോൾ രഹിതമായതിനാൽ പെനാൾട്ടിയിലേക്ക് നീങ്ങി എങ്കിലും കളി കാണാൻ എത്തിയവർ എല്ലാം ഗ്രൗണ്ടിൽ ഇറങ്ങിയതോടെ പെനാൾട്ടി എടുക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ആയി.
അവസാനം പോലീസ് എത്തിയാണ് പെനാൾട്ടി ഷൂട്ടൗട്ട് ആരംഭിച്ചത്. പെനാൾട്ടി കിക്കിൽ 5 കിക്കുകളും ഇരു ടീമുകളും വലയിൽ എത്തിച്ചു. തുടർന്ന് കളി ടോസിന്റെ ഭാഗ്യത്തിന് വിട്ടു. ടോസ് മദീനക്ക് ഒപ്പം നിന്നു. മദീനയുടെ സീസണിലെ രണ്ടാം കിരീടമായി ഇത്.
സെമി ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ മറികടന്നായിരുന്നു അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിലേക്ക് വന്നത്. ഇന്നലെ കല്പകഞ്ചേരിയിൽ ഫൈനൽ പരാജയപ്പെട്ട ഫിഫയ്ക്ക് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി രണ്ട് കിരീടമാണ് നഷ്ടമാകുന്നത്.
നേരത്തെ നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം ഉയർത്താൻ അൽ മദീനക്ക് ആയിരുന്നു. അന്ന് മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു അൽ മദീനയുടെ വിജയം. അൽ മദീനയുടെ ഈ സീസണിലെ ആദ്യ കിരീടം ആയിരുന്നു അത്.