റഫറിയുടെ ദേഹത്ത് പന്ത് തട്ടിയതിൽ പ്രതിഷേധം, വളാഞ്ചേരി സെവൻസിൽ കളി പകുതിക്ക് നിർത്തി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കളിക്കിടെ റഫറിയുടെ ദേഹത്ത് പന്ത് തട്ടുന്നതൊക്കെ ഫുട്ബോളിൽ സർവ്വ സാധാരണമാണ്. എന്നാൽ ആ കാരണം പറഞ്ഞ് കളിക്കാതെ ഇറങ്ങി പോകുന്ന ഒരു സംഭവത്തിന് ഇന്ന് സെവൻസ് മത്സരം സാക്ഷിയായി. വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലായിരുന്നു സംഭവം. വളാഞ്ചേരിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോയും ബെയ പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം. സ്കോർ 2-1ൽ നിൽക്കുമ്പോൾ ബെയ്സ് പെരുമ്പാവൂർ താരം നൽകിയ പാസ് റഫറിയുടെ ദേഹത്ത് കൊള്ളുകയും ആ പന്ത് സൂപ്പർ സ്റ്റുഡിയോ താരത്തിന് കിട്ടുകയും ചെയ്തു.

ആ പന്തുമെടുത്ത് കൗണ്ടർ അറ്റാക്ക് നടത്തിയ സൂപ്പർ സ്റ്റുഡിയോ താരങ്ങൾ ഗോൾ അടിക്കുകയും കളി 3-1 എന്നാക്കുകയും ചെയ്തു. എന്നാൽ റഫറിയുടെ ദേഹത്ത് പന്ത് തട്ടിയിട്ടാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഗോൾ അടിച്ചത് എന്ന വിചിത്രമായ കാരണം പറഞ്ഞ് ബെയ്സ് പെരുമ്പാവൂർ ടീം പ്രതിഷേധിച്ചു. ആ ഗോൾ അനുവദിക്കുകയാണെങ്കിൽ കളിക്കില്ല എന്ന് ബെയ്സ് പെരുമ്പാവൂർ വാശി പിടിച്ചതോടെ മത്സരം ഉപേക്ഷിച്ച് കാണികളെ പിരിച്ചുവിടേണ്ടി വന്നു.

ഈ മത്സരത്തിന്റെ ഭാവി എന്താകുമെന്ന് ഇനിയും തീരുമാനം ആയിട്ടില്ല. ഫുട്ബോളിൽ ഇതൊക്കെ സാധാരണയാണെന്ന് ബെയ്സ് പെരുമ്പാവൂർ മനസ്സിലാക്കാത്തത് സെവൻസ് ഫുട്ബോളിന് തന്നെ ദോഷം ചെയ്യുകയാണ്.