സെവൻസ് ഫുട്ബോളിൽ വിപ്ലവം സൃഷ്ടിക്കാൻ ഉത്തര മലബാറിലെ ക്ലബുകൾ ഒരുങ്ങുന്നു

സെവൻസ് ഫുട്ബോളിൽ അവസാന കുറെ വർഷങ്ങളായി നടക്കുന്ന ശീത യുദ്ധത്തിന്റെ ഇരകളായിരുന്നു ഉത്തര മലബാറിലെ ഫുട്ബോൾ ക്ലബുകൾ. സെവൻസ് ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ കാസർഗോഡ് മേഖലയിലെ ടൂർണമെന്റുകളെയും ക്ലബുകളെയും അവഗണിക്കുന്നു എന്ന പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. കണ്ണൂർ കാസർഗോഡ് മേഖലയിൽ പല ടൂർണമെന്റുകൾക്കും എസ് എഫ് എ അംഗീകാരം കിട്ടാത്തതും പുതിയ ക്ലബുകളെ അസോസിയേഷനിൽ എടുക്കാത്തതും നിരന്തരം വിവാദങ്ങളായി മാറിയിരുന്നു.

അവസാന വർഷങ്ങളിൽ കണ്ണൂർ കാസർഗോഡ് മേഖലയിലെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗീകൃത ടൂർണമെന്റുകൾ കുറയുകയും പകരം പ്രാദേശിക ടൂർണമെന്റുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. എസ് എഫ് എയുടെ ടൂർണമെന്റുകളെക്കാൾ ആഘോഷമായി പല പ്രാദേശിക ടൂർണമെന്റുകൾ മാറുകയും ചെയ്തു. ഉത്തര മലബാറിലെ സെവൻസ് ടീമുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഈയിടെ ആണ് കണ്ണൂർ കാസർഗോഡ് മേഖലയിലെ സെവൻസ് ഫുട്ബോളിനെ മുന്നോട്ട് കൊണ്ടു പോകാൻ ഒരു സംഘടന രൂപം കൊണ്ടത്.


കണ്ണൂർ കാസർഗോഡ് ഫുട്ബോൾ യൂണിറ്റി എന്ന സംഘടന ഈ കഴിഞ്ഞ ജൂലൈയിൽ നിലവിൽ വന്നത്. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഫുട്ബോൾ ശക്തിപ്പെടുത്താൻ തന്നെ ഇവർ അണിയറയിൽ ഒരുങ്ങുകയാണ്. ഈ യൂണിറ്റിയുടെ നേതൃത്വത്തിൽ അറുപതോളം ടീമുകൾ ഇത്തവണ കണ്ണൂർ കാസർഗോഡ് മേഖലയിൽ സെവൻസ് സീസണിൽ കളിക്കാൻ ഇറങ്ങും. എസ് എഫ് എയുടെ കീഴിൽ മുപ്പത്തി അഞ്ചോളം രജിസ്റ്റേർഡ് ടീമുകളെ ഉള്ളൂ എന്നത് ഓർക്കണം.

ഷൂട്ടേഴ്സ് പടന്ന, മെട്ടമ്മൽ ബ്രദേഴ്സ്, സൂപ്പർ സോക്ലർ ബീച്ചാരിക്കടവ്, ബ്രദേഴ്സ് വൾവക്കാട്, പറശ്ശിനി ബ്രദേഴ്സ്, ഇന്ത്യൻ ആർട്സ് എട്ടിക്കുളം,
മുസാഫിർ എഫ് സി, മൊഗ്രാൽ ബ്രദേഴ്സ്, എ എഫ് സി തളിപ്പറമ്പ്, എ എഫ് സി ബീരിച്ചേരി, ഗ്രേറ്റ് കവ്വായി, ഇ എഫ് സി എഡാറ്റുമ്മൽ, ജനശക്തി തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ അറുപതോളം ടീമുകളിൽ ഉൾപ്പെടുന്നു. ഇത്തവണ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി മാത്രം മുപ്പതിൽ അധികം ടൂർണമെന്റും കണ്ണൂർ കാസർഗോഡ് യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കും. മികവാർന്ന ടൂർണമെന്റുകൾ നടത്തുന്നതിന് നേരത്തെ തന്നെ പേരുകേട്ടിട്ടുള്ള ഉത്തര മലബാർ കമ്മിറ്റികൾ ഇത്തവണ ആ മികവ് നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുപ്പതിൽ അധികം വർഷം ടൂർണമെന്റ് നടത്തി പാരമ്പര്യമുള്ള ടൂർണമെന്റ് കമ്മിറ്റികളും ഈ പുതിയ കൂട്ടായ്മക്ക് ഒപ്പം ഉണ്ട്.

സെവൻസ് ഫുട്ബോൾ അസോസിയേഷനും കണ്ണൂർ കാസർഗോഡ് യൂണിറ്റിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എങ്കിലും എസ് എഫ് എയിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾ കണ്ണൂർ കാസർഗോഡ് യൂണിറ്റി നടത്തുന്ന ടൂർണമെന്റുകളിൽ കളിച്ചേക്കില്ല. എന്നാൽ മികച്ച കേരള താരങ്ങളെയും വിദേശ താരങ്ങളെയും അണിനിരത്തി കൊണ്ട് ടീം ശക്തമാക്കുന്ന ഉത്തര മലബാർ ടീമുകൾ എസ് എഫ് എയുടെ അംഗീകാരം ഇല്ലാത്തത് ഒന്നും കാര്യമാക്കുന്നില്ല. എന്ത് തന്നെ ആയാലും ഉത്തര മലബാറിന് പുതിയ ഫുട്ബോൾ സീസൺ ഒരുപാട് ആഹ്ലാദിക്കാനുള്ള വക നൽകും എന്നത് ഉറപ്പാണ്. നവംബർ ആദ്യ വാരം മുതൽ സീസൺ തുടങ്ങാനാണ് കണ്ണൂർ കാസർഗോഡ് ഫുട്ബോൾ യൂണിറ്റി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Previous article“ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടണം എങ്കിൽ കൂടുതൽ മത്സരങ്ങൾ കളിക്കണം”
Next articleഇന്റർ മിലാന്റെ സീരി എ കിരീടം എടുത്ത് കളയണം എന്ന് യുവന്റസ് അപ്പീൽ