സെവൻസിലെ 2018-19 സീസൺ റാങ്കിംഗ് ടേബിളിലെ അവസാന റാങ്കിംഗും പുറത്ത് വന്നു. സീസൺ അവസാനിച്ചപ്പോൾ സബാൻ കോട്ടക്കൽ ആണ് സെവൻസ് സീസണിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സീസണിൽ ഉടനീളം നടത്തിയ തകർപ്പൻ പ്രകടനമാണ് സബാനെ ലീഗിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യാൻ സഹായിച്ചത്. സീസണിൽ ആദ്യ മാസം ഒഴികെ ബാക്കി എല്ലാ മാസവും സബാൻ കോട്ടക്കൽ തന്നെ ആയിരുന്നു റാങ്കിംഗിൽ മുന്നിൽ ഉണ്ടായിരുന്നത്.
സീസണിൽ നടന്ന 30 ടൂർണമെന്റുകളുടെയും 600ൽ അധികം മത്സരങ്ങളുടെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സോക്കർ സിറ്റിയും ഫാൻപോർട്ടും കൂടി ഒരുക്കുന്ന റാങ്കിംഗിൽ 181 പോയന്റാണ് ഒന്നാമത് ഫിനിഷ് ചെയ്ത സബാൻ കോട്ടക്കലിന് ഉള്ളത്. 86 മത്സരങ്ങളിൽ നിന്നാണ് 181 പോയന്റ് സബാൻ സ്വന്തമാക്കിയത്. ഏഴു കിരീടങ്ങൾ സീസണ സ്വന്തമാക്കിയ സബാൻ തന്നെയാണ് കിരീടങ്ങളുടെ കാര്യത്തിലും മുന്നിൽ. സീസൺ രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഫിഫാ മഞ്ചേരി രണ്ടാം സ്ഥാനം സ്വന്തമാക്കി. 173 പോയന്റാണ് ഫിഫയ്ക്ക് ഉള്ളത്. വെറും 8 പോയന്റിനാണ് ഫിഫയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
117 പോയന്റുള്ള സൂപ്പർ സ്റ്റുഡിയോ മലപ്പുറം മൂന്നാം സ്ഥാനം സ്വന്തമാക്കി. സീസണിൽ ഉടനീളം മോശം പ്രകടനം കാഴ്ചവെച്ച പ്രഗൽഭരായ അൽ മദീന ചെർപ്പുളശ്ശേരി പതിനാറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫാൻപോർട്ട് റാങ്കിംഗ് ആരംഭിച്ച ശേഷമുള്ള മൂന്നാം സീസണാണ് അവസാനമായത്. മൂന്ന് സീസണിലും വ്യത്യസ്ത ക്ലബുകളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ സീസണിൽ അൽ മദീന ചെർപ്പുളശ്ശേരി ആയിരുന്നു ഒന്നാമത് എത്തിയത് എങ്കിൽ കഴിഞ്ഞ സീസണിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആയിരുന്നു ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.