2016-17 സീസണിൽ സെവൻസ് മൈതാനങ്ങൾ കീഴടക്കി മുന്നേറിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ആക്രമണ നിര ആരും മറക്കില്ല. എല്ലാ ഡിഫൻസിനേയും കീറി മുറിച്ച ആൽബർട്ട്-ഡി മറിയ ഫോർവേഡ് ലൈൻ. അന്ന് ആൽബർട്ട് ഗോളടിച്ചു കൂട്ടുക ആയിരുന്നു എങ്കിൽ ഡി മറിയ ഗോളടിക്കാനും അതുപോലെ തന്നെ അവസരം ഒരുക്കാനും ഉണ്ടായിരുന്നു. ആ സീസണിൽ 14 കിരീടങ്ങളായിരുന്നു അൽ മദീന നേടിയത്.
ആ ഡിമറിയ ഇത്തവണയും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ജേഴ്സിയിൽ കളിക്കാൻ എത്തുകയാണ്. മുസാഫിർ എഫ് സി കേരളത്തിൽ എത്തിച്ച ഡി മറിയ ഇന്ന് തന്റെ ആദ്യ മത്സരത്തിന് മദീനയുടെ നീല ജേഴ്സിയിൽ ഇറങ്ങും. ഇന്ന് വണ്ടൂരിൽ സ്കൈ ബ്ലൂ എടപ്പാളിനെ ആണ് അൽ മദീന നേരിടുന്നത്. ആ മത്സരത്തിൽ അറ്റാക്കിൽ ഡിമറിയയും ഉണ്ടാകും.
2016-17 സീസണിൽ 58 ഓളം ഗോളുകൾ മദീനയ്ക്കു വേണ്ടി ഡി മറിയ നേടിയിരുന്നു. നേടിയത് 58 ഗോളുകൾ ആണെങ്കിലും ഡി മറിയ ഒരുക്കിയ അവസരങ്ങളും നേടിയ അസിസ്റ്റുകളും സെഞ്ച്വറിയോടടുത്തുണ്ടാകും. ആ സീസണിൽ മുണ്ടൂരിലും കുന്ദമംഗലത്തും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡു നേടിയിട്ടുള്ള ഡി മറിയ തൃക്കരിപ്പൂരിൽ മദീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഫോർവേഡുമായി.