അത്ഭുതങ്ങൾ സമ്മാനിക്കുന്ന കരീബിയൻസ് സെവൻസ് ആരംഭിക്കുന്നു

Newsroom

തളിപ്പറമ്പിന്റെ ഫുട്ബോൾ ആഘോഷങ്ങൾക്ക് ഇനി രണ്ട് ദിവസം മാത്രം. മൂന്നാമത് കരീബിയൻ സെവൻസിന് ജനുവരി 25നാണ് തളിപ്പറമ്പിൽ തുടക്കമാകുന്നത്. 25ന് രാത്രി നടക്കുന്ന ആദ്യ മത്സരത്തിൽ സീസണിൽ മിന്നുന്ന ഫോമിലുള്ള ഷൂട്ടേഴ്സ് പടന്ന ഫ്രണ്ട്സ് മമ്പാടിനെ നേരിടും. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ഷൂട്ടേഴ്സ് പടന്ന കരീബിയൻസിന്റെ കിരീടം നേടാൻ സാധ്യതയുള്ള ഫേവറിറ്റുകളിൽ ഒന്നാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോൾ മാറ്റിയിരുന്നു. ഡിജിറ്റലായി പല അത്ഭുതങ്ങളും സെവൻസ് ടൂർണമെന്റ് രംഗത്തേക്ക് കൊണ്ടു വന്നത് കരീബിയൻസ് ഫുട്ബോൾ ആയിരുന്നു. അവസാന രണ്ട് സീസണിലും കരീബിയൻസ് ടൂർണമെന്റ് നടത്തിപ്പിന്റെ മികവ് കാരണം സെവൻസ് അസോസിയേഷന്റെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ആദ്യമായി ഡിറ്റിറ്റൽ സ്കോർ കാർഡ്, വാനിഷിംഗ് സ്പ്രേ തുടങ്ങിയവ ഒക്കെ സെവൻസ് ലോകത്ത് കൊണ്ട് വന്നത് കരീബിയൻസ് ആയിരുന്നു. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്പിൽ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ ജവഹർ മാവൂർ ആയിരു‌ന്നു കരീബിയൻസ് ഫുട്ബോൾ കിരീടം നേടിയത്. ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചായിരുന്നു ജവഹറിന്റെ അന്നത്തെ കിരീടം. ഇത്തവണ സെവൻസിലെ പ്രമുഖ 24 ടീമുകൾ തളിപ്പറമ്പിൽ എത്തും.