സെവൻസ് ഫുട്ബോൾ ആണ് താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയരുന്നതിൽ നിന്ന് അകറ്റുന്നത് എന്ന് കെ എഫ് എ പ്രസിഡന്റ് നവാസ് മീരാൻ. പ്രമുഖ മാധ്യമമായ 24 ന്യൂസിനോട് സംസാരിക്കവെ ആണ് സെവൻസ് ഫുട്ബോളിനെ നവാസ് മീരാൻ വിമർശിച്ചത്. കഴിവുള്ള താരങ്ങൾ ഒരിക്കലും സെവൻസ് ഫുട്ബോൾ കളിക്കരുത് എന്ന് നവാസ് മീരാൻ പറഞ്ഞു.
മികച്ച അവസരവും വരുമാനവും ഇലവൻസ് ഫുട്ബോളിലൂടെ മാത്രമെ ലഭിക്കൂ എന്നും അതുകൊണ്ട് താരങ്ങൾ ഇലവൻസിൽ ശ്രദ്ധ കൊടുക്കണം എന്നും അദ്ദേഹം പറയുന്നു. സെവൻസിൽ ശ്രദ്ധ കൊടുക്കുന്നത് ദേശീയ അന്തർദേശീയ അവസരങ്ങൾ താരങ്ങൾക്ക് ഇല്ലാതാക്കുന്നു എന്നും മീരാൻ പറഞ്ഞു.
കേരളത്തിൽ മികച്ച ഫുട്ബോൾ താരങ്ങൾ ഉണ്ട് എന്നും എന്നാൽ ഇവർക്ക് അർഹമായ അവസരങ്ങൾ സെവൻസ് കാരണം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. സെവൻസ് കളിക്കുന്നത് താരങ്ങളുടെ എൻഡ്യൂറൻസിനെ ബാധിക്കുന്നു എന്നും വലിയ ഗ്രൗണ്ടിൽ കളിക്കാനുള്ള കഴിവ് താരങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നും കെ എഫ് എ പ്രസിഡന്റ് പറഞ്ഞു.