ടുറിൻ ഡർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം കണ്ടെത്തി യുവന്റസ്. മിലിക്, ഗാട്ടി എന്നിവരുടെ ഗോളാണ് ഇന്ന് നടന്ന മത്സരത്തിൽ ടോറിനോയെ കീഴടക്കാൻ യുവന്റസിനെ സഹായിച്ചത്. രണ്ടാം പകുതിയിൽ ആണ് ഇരു ഗോളുകളും പിറന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ യുവന്റസിനായി. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങേണ്ടി വന്നിരുന്നു അല്ലേഗ്രിക്കും സംഘത്തിനും. ടോറിനോ പന്ത്രണ്ടാമതാണ്.
അഞ്ചാം മിനിറ്റിൽ തന്നെ തിമോതി വേയ് എതിർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടതോടെ യുവന്റസിന്റെ ആഹ്ലാദം അവസാനിച്ചു. ലസാരോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫ്രീകിക്കിൽ നിന്നും ബ്രെമറിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല. ബെല്ലനോവായിലൂടെ ടോറിനൊക്ക് ലഭിച്ച അവസരവും മുതലെടുക്കാൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതൽ യുവന്റസ് ആദ്യ പകുതിയിലെ പിഴവുകൾ പരിഹരിച്ചു. 47ആം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ പന്ത് ബോക്സിനുള്ളിൽ കൂട്ടപ്പേരിച്ചിൽ സൃഷ്ടിച്ചപ്പോൾ ഒടുവിൽ ഫെഡറിക്കോ ഗാട്ടി ഗോൾ വല കുലുക്കി. ഇത്തവണയും ഓഫ്സൈഡ് കൊടി ഉയർന്നെങ്കിലും നീണ്ട വാർ പരിശോധനക്ക് ശേഷം ഒടുവിൽ ഗോൾ അനുവദിക്കുക തന്നെ ചെയ്തു. 62ആം മിനിറ്റിൽ യുവന്റസ് ലീഡ് ഇരട്ടിയാക്കി. കോർണറിൽ നിന്നാണ് ഗോൾ വന്നത് കോസ്റ്റിച്ചിന്റെ തകർപ്പൻ ക്രോസിൽ മിലിക്ക് ഹെഡർ ഉതിർത്തപ്പോൾ കീപ്പർ തട്ടിയകറ്റുകയായിരുന്നു. എന്നാൽ കോസ്റ്റിച്ച് തന്നെ എടുത്ത കോർണറിൽ മിലിക്കിന് പിഴച്ചില്ല. താരത്തിന്റെ ഹെഡർ വലയിൽ പതിച്ചു. സപാറ്റയുടെ ശ്രമം ഷെസ്നി കൈപ്പിടിയിൽ ഒതുക്കി. സെനാബ്രിയയുടെ ആക്രോബാറ്റിക്ക് ശ്രമം പോസ്റ്റിലിരുമി കടന്ന് പോയി.