ഇറ്റാലിയൻ ലീഗിൽ വിജയം തുടർക്കഥയാക്കി മുന്നേറുക ആയിരുന്ന ഇന്റർ മിലാന് അപ്രതീക്ഷിത തോൽവി. ഇന്ന് അറ്റലാന്റയാണ് ഇന്റർ മിലാനെ തകർത്തു കളഞ്ഞത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ തോറ്റത്. ലീഗിൽ ഏഴു തുടർ വിജയങ്ങളുമായി മുന്നേറുക ആയിരുന്നു ഇന്റർ മിലാൻ. കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ സമനിലയിൽ പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും ഇന്ന് അറ്റലാന്റയ്ക്ക് എതിരെ നടന്നില്ല.
അറ്റലാന്റയുടെ ഹോമിലായിരുന്നു മത്സരം നടന്നത്. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ ഹാറ്റിബോവർ അറ്റലാന്റയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ഇക്കാർഡി ഇന്ററിനെ ഒപ്പം എത്തിച്ചപ്പോൾ പതിവ് ഇന്റർ തിരിച്ചുവരവ് ആവർത്തിക്കും എന്ന് കരുതി. എന്നാൽ പിന്നീട് കണ്ടത് അറ്റലാന്റയുടെ താണ്ഡവം ആയിരുന്നു.
62ആം മിനുട്ടിൽ മാഞ്ചിനി, 88ആം മിനുട്ടിൽ ബെറാത്, 90ആം മിനുട്ടിൽ ഗോമസ് എന്നിവരൊക്കെ ഇന്റർ വലയിലേക്ക് ഗോളിട്ടു. ഇതിനിടയിൽ 90ആം മിനുട്ടിൽ ഇന്ററിന്റെ ബ്രോസൊവിച് ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ജയം ഇന്ററിനെ മൂന്നാം സ്ഥാനത്ത് നിർത്തി. അറ്റലാന്റ ആറാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.