ഇറ്റാലിയൻ സീരി എയിൽ വമ്പൻ ജയവുമായി നാപോളി സീസൺ തുടങ്ങി. ഹെല്ലോസ് വെറോണയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്. വലിയ ആധിപത്യം നാപോളിക്ക് ഉണ്ടായിരുന്ന മത്സരത്തിൽ പക്ഷെ എതിരാളികൾ ആണ് ആദ്യം ഗോൾ നേടിയത്. 29 മത്തെ മിനിറ്റിൽ ഗന്ററിന്റെ പാസിൽ നിന്നു കെവിൻ ലസാഗ്നയാണ് വെറോണയുടെ ഗോൾ നേടിയത്. എട്ടു മിനിറ്റിനുള്ളിൽ നാപോളി ഗോൾ തിരിച്ചറിച്ചു. ലൊസാനോയുടെ ക്രോസിൽ നിന്നു വിച വരത്ഷെലിയ ഹെഡറിലൂടെ ക്ലബിന് ആയുള്ള തന്റെ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടുക ആയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് നാപോളി മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. ജിയോവാണി ഡി ലോറെൻസോയുടെ ഹെഡർ പാസിൽ നിന്നു വിക്ടർ ഒസിമ്ഹൻ ആണ് നാപോളിയുടെ രണ്ടാം ഗോൾ നേടിയത്.
രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ വെറോണ മത്സരത്തിൽ വീണ്ടും ഒപ്പം എത്തി. മാർകോ ഫെറോണിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ തോമസ് ഹെൻറിയാണ് അവരുടെ ഗോൾ നേടിയത്. എന്നാൽ 55 മത്തെ മിനിറ്റിൽ നാപോളി മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ആദ്യ ഗോൾ നേടിയ വിചയുടെ പാസിൽ നിന്നു സെലിൻസ്കി മികച്ച ഗോളിലൂടെ നാപോളിക്ക് വീണ്ടും മുൻതൂക്കം നൽകി. 10 മിനിറ്റിനുള്ളിൽ നാപോളിയുടെ നാലാം ഗോളും പിറന്നു. ഇത്തവണ മരിയോ റൂയിയുടെ പാസിൽ നിന്നു സ്റ്റാനിസ്ലാവ് ലൊബോറ്റ്കയാണ് അവരുടെ ഗോൾ നേടിയത്. 79 മത്തെ മിനിറ്റിൽ വിക്ടർ ഒസിമ്ഹന്റെ പാസിൽ നിന്നു നിന്നു മറ്റെയോ പോളിറ്റാനോ ആണ് നാപോളിയുടെ ജയം പൂർത്തിയാക്കിയത്. 84 മത്തെ മിനിറ്റിൽ ആദം ഒനാസ് കൂടി ഗോൾ നേടിയെങ്കിലും വാർ ഇത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു.