രണ്ടു ഗോൾ മുൻതൂക്കം കളഞ്ഞു കുളിച്ചു അവസാന നിമിഷം സമനില വഴങ്ങി നാപ്പോളി

20211202 033912

ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനക്കാർ ആയ നാപ്പോളിക്ക് സമനില. സസോളയാണ് നാപ്പോളിയെ 2-2 നു സമനിലയിൽ തളച്ചത്. സമനിലയോടെ ലീഗിൽ വെറും ഒരു പോയിന്റ് മാത്രം മുൻതൂക്കം ആണ് നിലവിൽ നാപ്പോളിക്ക് ഉള്ളത്. ഇരു ടീമുകളും ഏതാണ്ട് സമാസമം ആയിരുന്നു മത്സരത്തിൽ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ നാപ്പോളി ആണ് ആദ്യ ഗോൾ നേടുന്നത്. സെലിൻസിക്കിയുടെ പാസിൽ നിന്നു ഫാബിയൻ റൂയിസ് ആയിരുന്നു 51 മത്തെ മിനിറ്റിൽ ഗോൾ നേടിയത്. തുടർന്ന് 8 മിനിറ്റിനുള്ളിൽ സെലിൻസിക്കിയുടെ തന്നെ പാസിൽ മെർട്ടൻസ് അവരുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ 71 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ജിയാൻലുക്ക സ്കാമാക ഒരു ഗോൾ തിരിച്ചടിച്ചു ആതിഥേയർക്ക് പ്രതീക്ഷ നൽകി. തുടർന്ന് 89 മത്തെ മിനിറ്റിൽ ബെറാഡിയുടെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ മാർകോ ഫെരാരി നാപ്പോളിയെ ഞെട്ടിക്കുക ആയിരുന്നു. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ഡിഫ്രൽ സസോളക്ക് ആയി വിജയഗോൾ നേടി എന്നു തോന്നിയെങ്കിലും വാർ ഗോൾ നിഷേധിക്കുക ആയിരുന്നു. ഇത് നാപ്പോളിക്ക് വലിയ ആശ്വാസം ആയി. സമനില കിരീടപോരാട്ടത്തിൽ നാപ്പോളിക്ക് ചെറിയ തിരിച്ചടിയായി.

Previous articleഫ്രീകിക്ക് ഗോളുമായി ഇബ്ര, വമ്പൻ ജയവുമായി മിലാൻ നാപ്പോളിക്ക് തൊട്ടു പിറകിൽ
Next articleപി.എസ്.ജിയെ ഗോൾ രഹിത സമനിലയിൽ തളച്ചു നീസ്