സമനിലയും ആയി രക്ഷപ്പെട്ടു ലാസിയോ

Wasim Akram

സീരി എയിൽ കാഗ്‌ലിയാരിക്ക് എതിരെ സമനിലയും ആയി രക്ഷപ്പെട്ടു മൗറീസിയോ സാരിയുടെ ലാസിയോ. കഴിഞ്ഞ മത്സരത്തിൽ ആരാധകരിൽ നിന്നു ഉണ്ടായ വംശീയ മുദ്രാവാക്യങ്ങളുടെ വിവാദവും ആയി ആണ് ലാസിയോ മത്സരത്തിന് എത്തിയത്. മത്സരത്തിൽ വലിയ മുൻതൂക്കം ആണ് ലാസിയോ പുലർത്തിയത്. 73 ശതമാനം സമയം പന്ത് കൈവശം വച്ച അവർ 28 ഷോട്ടുകളും ഉതിർത്തു. അവസരങ്ങൾ തുറന്നു എങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് ലാസിയോ ആദ്യ ഗോൾ നേടുന്നത്. സാവിച്ചിന്റെ ക്രോസിൽ നിന്നു ചിറോ ഇമ്മോബൈൽ ആണ് ലാസിയോക്ക് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്.

എന്നാൽ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ മാരിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജോ പെഡ്രോ കാഗ്‌ലിയാരിക്ക് സമനില ഗോൾ സമ്മാനിച്ചു. 62 മിനിറ്റിൽ പെഡ്രോയുടെ പാസിൽ നിന്നു കെയിറ്റ ബാൾഡയിലൂടെ രണ്ടാം ഗോൾ നേടിയ എതിരാളികൾ മത്സരത്തിൽ മുന്നിലെത്തിയതോടെ ലാസിയോ സമ്മർദ്ദത്തിലായി. തുടർന്ന് സമനില നേടാനുള്ള നിരന്തരമുള്ള ലാസിയോ ശ്രമം ഡാനിലോ കറ്റാൾഡിയുടെ 83 മത്തെ മിനിറ്റിലെ ഉഗ്രൻ ഗോളോടെയാണ് വിജയിക്കുന്നത്. സമനിലയോടെ 4 കളികളിൽ നിന്നു 7 പോയിന്റുകളുമായി സീരി എയിൽ ലാസിയോ ആറാം സ്ഥാനത്ത് ആണ്.