ഇന്റർ മിലാനെ തോൽപ്പിച്ചു യുവന്റസ് സീരി എയിൽ വീണ്ടും ഒന്നാമത്

- Advertisement -

ഇറ്റാലിയൻ സീരി എയിൽ നിർണായക മത്സരത്തിൽ ബദ്ധവൈരികൾ ആയ ഇന്റർ മിലാനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു യുവന്റസ്. ഇതോടെ ലീഗിൽ ലാസിയോയെ മറികടന്ന് യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. നിലവിൽ 26 മത്സരങ്ങളിൽ ലാസിയോക്ക് 62 പോയിന്റുകൾ ഉള്ളപ്പോൾ യുവന്റസിന് 63 പോയിന്റുകൾ ആണ് ഉള്ളത്. തോൽവിയോടെ ഒരു മത്സരം കുറവ് കളിച്ച ഇന്റർ മിലാൻ 54 പോയിന്റുകളും ആയി മൂന്നാം സ്ഥാനത്ത് തുടരും.

ടൂറിനിൽ യുവന്റസ് തന്നെയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54 മിനിറ്റിൽ ആരോൻ റംസി ആണ് അവർക്ക് നിർണായക ലീഡ് നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ റംസി ലക്ഷ്യം കാണുക ആയിരുന്നു. തുടർന്ന് റംസിയുടെ പാസിൽ ഇടത് കാലൻ അടിയിലൂടെ 67 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡിബാല മത്സരത്തിൽ യുവന്റസ് ജയം ഉറപ്പിച്ചു. 79 മിനിറ്റിൽ പാഡെല്ലിക്ക് ചുവപ്പ് കാർഡ് കൂടി ലഭിച്ചതോടെ ഇന്റർ മിലാൻ പോരാട്ടം അവസാനിച്ചു. ലാസിയോ കടുത്ത വെല്ലുവിളി ഉയർത്തുന്നതിനാൽ തന്നെ ഈ ജയം സാരിക്ക് വളരെ നിർണായകമാണ്.

Advertisement