തിരിച്ചു വന്നു ലാസിയോയെ തോൽപ്പിച്ച് അറ്റലാന്റ, യുവന്റസിന് സന്തോഷിക്കാം

- Advertisement -

സീരി എയിൽ കിരീടപോരാട്ടത്തിൽ യുവന്റസിന് നല്ല ദിനം. നേരത്തെ മൂന്നാമതുള്ള ഇന്റർ മിലാൻ സമനില വഴങ്ങിയെങ്കിൽ ഇത്തവണ ആദ്യ 11 മിനിറ്റിൽ 2 ഗോളുകൾക്ക് മുന്നിൽ നിന്നു ശേഷം പരാജയം വഴങ്ങി ലീഗിൽ രണ്ടാമതുള്ള ലാസിയോ. ഇതോടെ ലീഗിൽ യുവന്റസ് ലാസിയോയുമായുള്ള അകലം 4 പോയിന്റുകൾ ആക്കി ഉയർത്തി. അഞ്ചാം മിനിറ്റിൽ ലസാരിയോയുടെ ക്രോസ് തടയാനുള്ള ഡി റൂണിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ എത്തിയപ്പോൾ ലാസിയോ ആദ്യ ഗോൾ നേടി. തുടർന്ന് 11 മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് ഒരു മികച്ച അടിയോടെ സാവിച്ച് ലാസിയോയുടെ ലീഡ് ഉയർത്തി.

എന്നാൽ യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന അറ്റലാന്റ അതിശക്തമായി തിരിച്ചു വരുന്നത് ആണ് പിന്നീട് കണ്ടത്. തുടർച്ചയായി ആക്രമണം അഴിച്ചു വിട്ട അവർ കോർണറുകൾ നിരന്തരം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി 38 മിനിറ്റിൽ ഹാൻസ് ഹെറ്റബോറിന്റെ ക്രോസിൽ നിന്നു ഒരു തകർപ്പൻ ഹെഡറിലൂടെ ഗോസൻസ് അറ്റലാന്റക്ക് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ കൂടുതൽ ശക്തരായ അറ്റലാന്റയെ ആണ് മത്സരത്തിൽ കണ്ടത്. 65 മിനിറ്റിൽ ഡി റൂണിന്റെ പാസിൽ നിന്നു ഒരു തകർപ്പൻ ഇടൻ കാലൻ അടിയിലൂടെ റൂസ്‌ലൻ മാലിയോസ്കി അറ്റലാന്റയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്ന് ലാസിയോയും ഗോൾ ശ്രമങ്ങൾ നടത്തി എങ്കിലും മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ പാപ ഗോമസിന്റെ പാസിൽ നിന്നും ലക്ഷ്യം കണ്ട ലൂയിസ് പാലോമിനോ അറ്റലാന്റക്ക് അർഹിച്ച ജയം നൽകി. സീസണിൽ ലീഗിൽ 11 മത്സരങ്ങൾ അവശേഷിക്കെ 77 മത്തെ ഗോൾ ആയിരുന്നു അറ്റലാന്റ കണ്ടത്തിയത്. മത്സരത്തിൽ 61 ശതമാനം സമയം പന്ത് കൈവശം വച്ച അവർ 24 ഷോട്ടുകൾ ആണ് ഉതിർത്തത്. ജയത്തോടെ 27 കളികളിൽ നിന്നു 54 പോയിന്റുകൾ ഉള്ള അവർ നാലാമത് തുടരും. അതേസമയം അത്ര തന്നെ കളികളിൽ 62 പോയിന്റുകൾ ഉള്ള ലാസിയോ ലീഗിൽ രണ്ടാമത് ആണ്, യുവന്റസിന് നിലവിൽ 27 കളികളിൽ 66 പോയിന്റുകൾ ആണ് ഉള്ളത്.

Advertisement