ലാസിയോയുടെ മധ്യനിര താരമായ സാവിചിനെ സ്വന്തമാക്കാനുള്ള യൂറോപ്പിലെ വൻ ക്ലബുകളുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടി. സാവിച് ലാസിയോയുമായി പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്നതായാണ് വിവരങ്ങൾ. 2024വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആകും സാവിച് ഒപ്പുവെക്കുക. പുതിയ കരാറോടെ ലാസിയോയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി സാവിച് മാറും.
ഈ സീസണിൽ ലാസിയോ നടത്തിയ കുതിപ്പിൽ പ്രധാന പങ്ക് സാവിചിനായിരുന്നു. അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് ഉറപ്പുള്ള ലാസിയോ ഒപ്പം അടുത്ത വർഷം ഇറ്റാലിയൻ ലീഗ് കിരീടവും ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ സാവിചിനെ ഒരു വിധത്തിലും നഷ്ടപ്പെടുത്താൻ അവർക്കാവില്ല. 25കാരനായ സാവിചിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ടായിരുന്നു. 2015 മുതൽ ലാസിയോക്ക് വേണ്ടി കളിക്കുന്ന താരമാണ് സാവിച്.