തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും വല കുലുക്കിയ റഫയേൽ ലിയാവോയുടെ മികവിൽ സീരി എയിൽ വേറൊണയെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി എസി മിലാൻ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം എത്താനും അവർക്കായി. ഇന്ററിന്റെ ഈ വാരത്തിലെ മത്സരം എംപൊളിയുമായിട്ടാണ്. മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ സാധിച്ചെങ്കിലും മുന്നേറ്റം തുടർച്ചായി ഗോൾ കണ്ടെത്താൻ വിഷമിച്ചത് മിലാന് ആശങ്ക ഉണർത്തുന്നത് തന്നെയാണ്. എങ്കിലും അവസാന ലീഗ് മത്സരത്തിൽ ഇന്ററിനോട് കനത്ത തോൽവി നേരിട്ട ടീമിന് വിജയം കണ്ടെത്താൻ ആയി.
റഫയേൽ ലിയാവോക്കും ജിറൂഡിനും ഒപ്പം പുലിസിച്ചിനേയും അണിനിരത്തിയാണ് മിലാൻ കളത്തിൽ ഇറങ്ങിയത്. ന്യൂകാസിലിനെതിരായ മത്സത്തിലെ പ്രകടനത്തിൽ നിന്നും ലിയാവോക്ക് ഗോളുമായി തന്നെ തിരിച്ചു വരാൻ സാധിച്ചത് നിർണായകമായി. കൗണ്ടർ അറ്റാക്ക് നീക്കങ്ങൾക്ക് മിലാന് അവസരം ലഭിച്ചെങ്കിലും പലപ്പോഴും എതിർ ബോക്സിൽ വെച്ചു എല്ലാം അവസാനിച്ചു. ഇരു ടീമുകളും ഒരേയൊരു ഷോട്ട് മാത്രമാണ് ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എട്ടാം മിനിറ്റിൽ തന്നെ ലിയാവോ ലക്ഷ്യം കണ്ടു. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ജിറൂഡ് റാഞ്ചിയെടുത്ത ബോൾ ലിയാവോക്ക് കൈമാറുകയായിരുന്നു. വേറൊണ പ്രതിരോധ താരങ്ങളെ അനായാസം വേഗം കൊണ്ട് കീഴടക്കി ബോസ്‌കിലേക്ക് കുതിച്ച താരം കീപ്പറേയും കീഴടക്കി ലക്ഷ്യം കണ്ടു. എട്ടാം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ഫോളോരുൻഷോയുടെ തകർപ്പൻ ഹെഡറിലൂടെ ആയിരുന്നു വേറൊണയുടെ ഗോൾ നീക്കം. എന്നാൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ശ്രമം തട്ടിയകറ്റി കീപ്പർ സ്‌പോർട്ടില്ലോ മിലാന്റെ രക്ഷകനായി.
രണ്ടാം പകുതിയിൽ വേറൊണ കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി എങ്കിലും സമനില ഗോൾ കണ്ടെത്താൻ ആയില്ല. ബോന്നസോലിയുടെ ശ്രമം കീപ്പർ തടഞ്ഞു. പുലിസിച്ചിന്റെ ശ്രമം വെറോണ കീപ്പറും സേവ് ചെയ്തു. കൗണ്ടർ നീക്കങ്ങളിൽ മിലാൻ അപകടകാരി ആയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. സ്പോർടില്ലോയുടെ പാസ് സ്വീകരിച്ച് എതിർ ബോക്സിലേക്ക് കുതിച്ച് യൂനുസ് മൂസ തൊടുത്ത ഷോട്ട് പക്ഷെ കീപ്പർ തട്ടിയകറ്റി. റീബൗണ്ടിൽ ഓകഫോറിനും ലക്ഷ്യം കാണാൻ ആയില്ല. യോവിക്കിലൂടെയും മിലാന് അവസരം ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ മാത്രം ആയില്ല.