മൗറീസിയോ സാരിക്ക് പകരക്കാരനായി യുവന്റസ് ക്ലബിന്റെ പരിശീലക ചുമതലയേറ്റെടുത്ത പിർലോ ഇന്ന് യുവേഫ പ്രോ ലൈസൻസ് സ്വന്തമാക്കി. യുവേഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയാൽ മാത്രമെ പിർലോയ്ക്ക് സീരി എയിൽ പരിശീലിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആണ് പിർലോ പ്രൊ ലൈസൻസ് പരീക്ഷ പാസായത്. ഇതോടെ പിർലോ പൂർണ്ണമായും പരിശീലകനായി മാറിയിരിക്കുകയാണ്.
യുവന്റസിന്റെ യൂത്ത് ടീ മിന്റെ പരിശീലകനായി ആയിരുന്നു പിർലോ പരിശീലക രംഗത്തേക്ക് കാലെടുത്ത് വെച്ചത്. എന്നാൽ അവിടെ പ്രവർത്തിക്കും മുമ്പ് തന്നെ പിർലോയെ യുവന്റസ് സീനിയർ ടീമിലേക്ക് വിളിക്കുക ആയിരുന്നു. ഇതിനകം യുവന്റസിനെ ഒരു പ്രീസീസൺ മത്സരത്തിൽ പരിശീലിപ്പിച്ച പിർലോ ആ മത്സരത്തിൽ ക്ലബിനെ 5 ഗോളിന് ജയിപ്പിച്ചിരുന്നു. 40കാരനായ പിർലോ വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള ശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് ആയിരുന്നു പിർലോ യുവന്റസ് വിട്ടത്. യുവന്റസിനൊപ്പം നാലു വർഷം കളിച്ച പിർലോ ഏഴു കിരീടങ്ങൾ ക്ലബിൽ നേടിയിരുന്നു.