ഇറ്റാലിയൻ ടീമായ എംപോളി പുതിയ പരിശീലകനെ ടീമിൽ എത്തിച്ചു. മുൻ സാസുവോളോ പരിശീലകൻ ഗേസെപ്പോ യാഞ്ചിനിയെയാണ് എംപോളി ടീമിൽ എത്തിച്ചത്. മുൻ കോച്ചായ ഒരെലിയോ ആൻഡ്രിയസോളിയെ ജന്മദിനത്തിൽ എംപോളി പുറത്താക്കിയിരുന്നു. ഒരെലിയോയുടെ അറുപത്തിയഞ്ചാം ജന്മദിനത്തിലാണ് പുറത്താക്കൽ നടപടിയുണ്ടായത്. സാസുവോളയെ സീരി എയിൽ നിലനിർത്തിയത് യാഞ്ചിനിയുടെ നീക്കങ്ങളാണ്.
സീരി ബി ടീമുകൾക്കിടയിൽ പ്രമോഷൻ സ്പെഷലിസ്റ്റായി അറിയപ്പെടുന്ന യാഞ്ചിനി നിരവധി ടീമുകൾക്ക് ടോപ്പ് ലീഗിലേക്ക് പ്രമോഷൻ നേടിക്കൊടുത്തിട്ടുണ്ട്. നിലവിൽ സീരി എയിലെ ആദ്യ പതിനൊന്നു മത്സരങ്ങളിൽ നിന്നും വെറും ആറ് പോയന്റ് മാത്രമാണ് എംപോളിക്ക് നേടാനായത്. നാപോളിയോടേറ്റ 5-1 വമ്പൻ പരാജയവും ഇതിൽ ഉൾപ്പെടും. യാഞ്ചിനിയുടെ വരവോടെ വിജയ വഴികളിൽ തിരിച്ചെത്താനാവും എംപോളിയുടെ ശ്രമം.