ബെറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇറ്റാലിയൻ ഫുട്ബോളിൽ അലയടിക്കവേ, കേസിലെ ആദ്യ വിധി പുറത്ത്. കേസിൽ ആദ്യം അകപ്പെട്ട യുവന്റസ് താരം നിക്കോളോ ഫാഗിയോലിക്ക് ഏഴു മാസത്തെ സസ്പെൻഷനാണ് പ്രോസിക്യൂഷൻ വിധിച്ചിരിക്കുന്നത് എന്ന് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. വാതുവെപ്പ് നിർത്താനുള്ള സന്നദ്ധതയാണ് വലിയ നടപടികളിൽ നിന്നും താരത്തെ രക്ഷിച്ചത്. കൂടാതെ സസ്‌പെൻഷൻ കാലാവധിക്ക് പുറമെ അഞ്ച് മാസത്തെ റീഹാബിലിറ്റെഷനും താരം വിധേയനാകും 12,500 യൂറോയുടെ പിഴയും താരത്തിന് മുകളിൽ ചുമത്തിയിട്ടുണ്ട്. മറ്റ് തരങ്ങൾക്കെതിരെയുള്ള നടപടികളും വരും വാരങ്ങളിൽ അറിയാം. എന്നാൽ നടപടികൾ കൂടുതൽ കടുക്കില്ല എന്ന് ഫാഗിയോലിക്കെതിരായ വിധിയിലൂടെ വ്യക്തമായി. വാതുവെപ്പിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ വൈദ്യ സഹായം തേടാനും താരങ്ങൾ സന്നദ്ധരായിട്ടുണ്ട്.
അതേ സമയം കൂടുതൽ താരങ്ങൾ വാതുവെപ്പിൽ പെട്ടതായുള്ള വെളിപ്പെടുത്തലുകളും ഇറ്റലിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേസിൽ ആദ്യം വെളിപ്പെടുത്തൽ നടത്തിയ ഫാബ്രിസിയോ കൊറോണ തന്നെയാണ് മറ്റു താരങ്ങളുടെ പേരുകളും പുറത്തു വിട്ടിരിക്കുന്നത്. യുവന്റസ് താരം തന്നെയായ ഫെഡറിക്കോ ഗാട്ടി, ലാസിയോ താരം നിക്കോളോ കസലെ, റോമാ താരം സ്റ്റീഫൻ എൽ ഷരാവി എന്നിവരും വാതുവെപ്പ് നടത്തുന്നുണ്ട് എന്നാണ് കൊറോണയുടെ പക്ഷം. സാനിയോളോ, ടോണാലി എന്നിവരും നേരത്തെ കേസിൽ പെട്ട് അന്വേഷണം നേരിടുകയാണ്. പുതുതായി വെളിപ്പെടുത്തിയ പേരുകൾ ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വിധി വന്ന ശേഷം യുവന്റസ് ഫാൻസിനോടും ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകരോടും മാപ്പ് തേടുന്നതായി ഫാഗിയോലി പ്രതികരിച്ചു. അതേ സമയം ഇതിനിടയിൽ മാധ്യമങ്ങളിൽ വന്ന പല വ്യാജവാർത്തകൾക്കും എതിരെ താൻ ഉടൻ സംസാരിക്കും എന്നും താരം കൂട്ടിച്ചേർത്തു.
Download the Fanport app now!