ഫ്‌യോറന്റിനക്കെതിരെ കഴിഞ്ഞ ദിവസം നേരിട്ട കനത്ത തോൽവിയോടെ നാപോളി പരിശീലകൻ റൂഡി ഗർഷ്യയുടെ കസേരക്ക് ഇളക്കം തട്ടുമെന്ന സൂചനകൾ ശക്തമാവുന്നു. എട്ട് ലീഗ് മത്സരങ്ങൾ പിന്നിടുമ്പോഴേക്കും നേരിട്ട രണ്ടു തോൽവികൾ, നിലവിലെ ഇറ്റാലിയൻ ചാംപ്യന്മാരെ ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഗർഷ്യക്ക് ഇപ്പോൾ അത്ര സുഖകരമായ സാഹചര്യം അല്ല ക്ലബ്ബിൽ ഉള്ളതെന്ന് ഡേ ലോറന്റിസ് കൂടി പറഞ്ഞതോടെ സീസണിന്റെ തുടക്കത്തിൽ തന്നെ പുതിയ പരിശീലകന് വേണ്ടി നാപോളി ശ്രമിച്ചേക്കും എന്നതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഐഗോർ റ്റുഡോർ, ഗ്രഹാം പോട്ടർ, മർസെല്ലോ ഗയ്യർഡോ എന്നിവർക്കൊപ്പം ആന്റോണിയോ കോന്റെയേയും നാപോളി നോട്ടമിട്ടിട്ടുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്രതീക്ഷിത സാഹചര്യത്തിൽ സ്പലെറ്റി ടീം വിട്ടതോടെയാണ് റൂഡി ഗർഷ്യയെ നാപോളി ടീമിലേക്ക് എത്തിക്കുന്നത്. മുൻപ് റോമാ, മാഴ്സെ, ലിയോൺ, അൽ നാസർ ടീമുകളെ പരിശീപ്പിച്ചിട്ടുള്ള ഗർഷ്യക്ക് പക്ഷെ ഇറ്റലിയിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചത്. എട്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും നാല് ജയം അടക്കം അഞ്ചാം സ്ഥാനത്താണ് അവർ. ഒന്നാമതുള്ള മിലാനുമായി ഏഴ് പോയിന്റ് ആണ് അകലം. ഫ്‌യോറന്റിനക്കെതിരായ തോൽവി ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകളാണ് മത്സരത്തിൽ നാപോളി വഴങ്ങിയത്. കൂടാതെ ഡ്രസിങ് റൂമിലും പ്രശ്നങ്ങൾ ഉള്ളതായി സൂചനയുണ്ട്. ഇതോടെ വരും മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നാൽ നാപോളി പുതിയ പരിശീലകനെ എത്തിക്കും എന്നുറപ്പാണ്. അങ്ങനെ എങ്കിൽ ടോട്ടനം വിട്ട ശേഷം മറ്റ് ചുമതലകൾ ഇന്നും ഏറ്റെടുക്കാത്ത കോന്റെയുടെ തിരിച്ചു വരവിനും നാപോളി വഴിയൊരുക്കും.