അങ്ങനെ 33 വർഷത്തെ കാത്തിരിപ്പിന് അവസാനം. നാപോളി സീരി എ ചാമ്പ്യൻസായിരിക്കുകയാണ്. ഇന്ന് നടന്ന എവേ മത്സരത്തിൽ ഉഡിനെസെയെ സമനിമയിൽ പിടിച്ചതോടെയാണ് നാപോളിക്ക് കിരീടം ഉറപ്പായത്. ലീഗിൽ ഇനിയും 5 മത്സരങ്ങൾ ശേഷിക്കെ ആണ് അവർ കിരീടത്തിലേക്ക് എത്തിയത്. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.
ആദ്യ പകുതിയിൽ 13ആം മിനുട്ടിൽ ലോവ്റിചിലൂടെ ഉഡിനെസെ ലീഡ് എടുത്തപ്പോൾ നാപോളി ഇനിയും കിരീടത്തിനായി കാത്തിരിക്കേണ്ടി വരും എന്ന് കരുതി. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ നാപോളി ഒസിമനിലൂടെ സമനില കണ്ടെത്തി. ഈ ഗോൾ മതിയായിരുന്നു കിരീടം ഉറപ്പാകാൻ.
ഈ സമനിലയീടെ നാപോളി 33 മത്സരങ്ങളിൽ നിന്ന് 80 പോയിന്റിൽ എത്തി. രണ്ടാമതുള്ള ലാസിയോയെക്കാൾ 18 പോയിന്റ് മുന്നിൽ ആണ് നാപോളി ഇപ്പോൾ ഉള്ളത്. ഇനി ആകെ 5 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ. അവ മുഴുവൻ ജയിച്ചാലും ലാസിയോക്ക് നാപോളിയെ മറികടക്കാൻ ആകില്ല.
1989-90 സീസണിൽ ആണ് നാപോളി അവസാനമായി സീരി എ കിരീടം നേടിയത്. അതിനു മുമ്പ് 86-87 സീസണിലും നാപോളി ലീഗ് കിരീടം നേടിയിരുന്നു. മറഡോണയുടെ ആ ഐതിഹാസിക ദിനങ്ങൾക്ക് ശേഷം നാപോളിക്ക് ലീഗ് കിരീടത്തിലേക്ക് എത്താനേ ആയിരുന്നില്ല. ഒസിമെൻ, ക്വിച ക്വാരക്സ്തേലിയ എന്നിവരുടെ മികവ് ആയിരുന്നു ഇത്തവണ നാപോളിയുടെ കരുത്തായത്. സ്പലെറ്റി പരിശീലിപ്പിക്കുന്ന ടീം ഇതുവരെ ആകെ 3 മത്സരങ്ങൾ ആണ് ലീഗിൽ പരാജയപ്പെട്ടത്.