ഇറ്റാലിയൻ സീരി എയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി. ജയത്തോടെ ഇന്ററിനെ നാലാം സ്ഥാനത്തേക്ക് തള്ളി ലീഗിൽ ഒന്നാമത് ഏതാനും അന്റോണിയോ കോന്റയുടെ ടീമിന് ആയി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ നാപോളി തിരിച്ചു വരവ് ആണ് ഇന്ന് കാണാൻ ആയത്. ഡി ലോറൻസോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡുബ്രയിന ആണ് നാപോളി ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെൽജിയം ഇതിഹാസ താരം പരിക്കേറ്റു പുറത്ത് പോയത് നാപോളിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ലോകോത്തരമായ ഗോൾ ആണ് സ്‌കോട്ട് മക്ഡോമിന നേടിയത്. ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ സ്‌കോട്ടിഷ് താരം നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് ആയി ഒരു ഗോൾ മടക്കി. എന്നാൽ 66 മത്തെ മിനിറ്റിൽ നെരസിന്റെ പാസിൽ നിന്നു ഗോൾ നേടിയ അംഗയിസ നാപോളിയുടെ വിലപ്പെട്ട ജയം ഉറപ്പിക്കുക ആയിരുന്നു.














