ചെൽസിയിൽ നിന്ന് ലോണിൽ എത്തിച്ച ബകയോകോയെ മിലാൻ തിരിച്ചയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ മിലാൻ പരിശീലകൻ ഗട്ടുസോ തീർത്തും അതൃപ്തനാണ്. താരത്തിന് ഫോം വീണ്ടെടുക്കാൻ മിലാൻ 6 മത്സരങ്ങൾ നൽകിയിട്ടുണ്ട്. ഇതിനിടയിൽ താരം പ്രകടനം മെച്ചപെടുത്തിയില്ലെങ്കിൽ കരാർ റദ്ദാക്കി താരത്തെ ചെൽസിയിലേക്ക് തിരിചയച്ചേക്കും.
2017 ലാണ് ചെൽസി ബകയോകോയെ 40 മില്യൺ പൗണ്ടോളം നൽകി മൊണാക്കോയിൽ നിന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചത്. പക്ഷെ പ്രകടനം തീർത്തും മോശമായിരുന്നു. തുടർച്ചയായി വരുത്തിയ പിഴവുകളിലൂടെ താരം ചെൽസിയുടെ സമീപകാലത്തെ ഏറ്റവും മോശം സൈനിങ്ങുകളിൽ ഒന്നായി മാറി. ഇതോടെയാണ് ഈ സീസണിൽ താരത്തെ ലോണിൽ അയക്കാൻ ചെൽസി തീരുമാനിച്ചത്. അങ്ങനെ മിലാനിൽ എത്തിയ താരം പക്ഷെ കേവലം 82 മിനുട്ട് മാത്രമാണ് കളിച്ചത്.