ഇതിഹാസ ഡിഫൻഡർ പോളോ മാൾദിനിയുടെ മകൻ ഡാനിയൽ മാൾദിനിക്ക് എ സി മിലാൻ സീനിയർ ടീമിനു വേണ്ടി ഇന്നലെ അരങ്ങേറി. മാൾഡിനു തലമുറയിലെ മൂന്നാം താരമാണ് ഡാനിയൽ. നേരത്തെ സീസറെ മാൾദിനിയും അദ്ദേഹത്തിന്റെ മകൻ പോളോ മാൾദിനിയും മിലാനു വേണ്ടി കളിച്ച് എ സി മിലാന്റെ ഇതിഹാസങ്ങളായി വളർന്നിരുന്നു. എന്നാൽ ഡാനിയൽ മാൾദിനി മുൻ മാൾദിനിമാരെ പോലെ ഡിഫൻഡർ അല്ല. അറ്റാക്കിംഗ് താരമാണ്.
ഇന്നലെ ഹെല്ലാസ് വെറോണയ്ക്ക് എതിരെ ആയിരുന്നു മാൾദിനിയുടെ അരങ്ങേറ്റം. 90ആം മിനുട്ടിലാണ് മാൾദിനി സബ്ബായി എത്തിയത്. മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചു. 18കാരനായ ഡാനിയൽ 2024വരെ നീളുന്ന കരാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒപ്പുവെച്ചിരുന്നു. മിലാന്റെ റിസേർവ് ടീമിൽ കളിക്കുന്ന ഡനിയൽ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ റിസേർവ്സിനു വേണ്ടി 10 ഗോളുകൾ ഡാനിയൽ നേടിയിരുന്നു. ഇറ്റലി അണ്ടർ 19 ടീമിനു വേണ്ടിയും ഇതിനകം ഡാനിയൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രീസീസൺ ടൂറിൽ ഡാനിയൽ മാൾദിനി എ സി മിലാൻ സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്നു.