അർജന്റീനൻ യുവതാരം ലുക്കാ റൊമേറോയെ എസി മിലാൻ ടീമിൽ എത്തിച്ചു. ലാസിയോയിൽ നിന്നും കഴിഞ്ഞ മാസത്തോടെ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയാണ് മിലാനിൽ എത്തുന്നത്. ഇന്ന് പുലർച്ചെ ക്ലബ്ബിൽ എത്തിയ താരം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. പിന്നീട് നാല് വർഷത്തെ കരാർ ഔദ്യോഗികമായി ഒപ്പിട്ടു.
ലാസിയോയിൽ രണ്ടു വർഷമാണ് താരം ചെലവിട്ടത്. മയ്യോർക്കയിൽ നിന്നും ലാ ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരമെന്ന റെക്കോർഡും നേടി ലാസിയോയിലേക്ക് ചേക്കേറുകയായിരുന്നു താരം. മയ്യോർക്കയുടെ തന്നെ യൂത്ത് ടീമുകളിലൂടെ ആയിരുന്നു വളർച്ച. ലാസിയോക്ക് വേണ്ടി രണ്ടു സീസണുകളിലായി ഇരുപതോളം മത്സരങ്ങൾ കളിച്ചു. ബ്രാഹീം ഡിയാസ് പോയ ഒഴിവിലേക്ക് മിലാൻ ഉന്നം വെക്കുന്ന ഒരു താരമാണ് റോമെറോ. ലാസിയോയുമായി കരാർ പുതിക്കില്ലെന്ന് തീരുമാനിച്ചതോടെ ആരാധകർക്ക് തന്റെ വിടവാങ്ങൽ സന്ദേശവും താരം നൽകി. പതിനെട്ടുകാരനായ ലുക്കാ റൊമേറോ അർജന്റീനൻ ദേശിയ യൂത്ത് ടീമുകളിലും സജീവമായിരുന്നു. ഇടക്ക് സീനിയർ ടീമിലേക്കും വിളിയെത്തി.