രണ്ടു ഘട്ടങ്ങളിലായി പന്ത്രണ്ട് വർഷമാണ് ലിയാനാർഡോ ബോനൂച്ചി യുവന്റസ് ജേഴ്‌സി അണിഞ്ഞത്. ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിൽ പ്രതിരോധത്തിന്റെ നേടും തൂണായി നിന്നു. പലപ്പോഴും ക്യാപ്റ്റന്റെ ആം ബാൻഡ് വരെ അണിഞ്ഞിട്ടുള്ള താരത്തിന്റെ പുതിയ നീക്കം പക്ഷെ ആരാധകരെ പോലും ഞെട്ടിക്കുന്നതാണ്. ട്രാൻസ്ഫർ വിൻഡോയിൽ യൂണിയൻ ബെർലിനിൽ എത്തിയ താരം ഇപ്പോൾ യുവന്റസിനെതിരെ കോടതി കയറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ. തനിക്ക് മതിയായ പരിശീലന സൗകര്യം ഒരുക്കിയില്ല എന്നും, ഇത് തന്റെ പേരിനും പ്രൊഫഷണലിസത്തിനും തിരിച്ചടി ഏൽക്കാൻ കാരണമായെന്നുമാണ് താരത്തിന്റെ വാദമെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ടീമിനോടുള്ള വ്യക്തിപരമായ വിരോധം അല്ല ഈ നീക്കത്തിന് പിറകിൽ എന്ന് ബോനൂച്ചി അടിവരയിടുന്നു. മറ്റൊരു താരങ്ങൾക്കും ഇനി ഈ സ്ഥിതി നേരിടാൻ ഇടവരരുത് എന്നും അദ്ദേഹം കരുതുന്നു. നേരത്തെ പ്രീ സീസണിന് മുന്നോടിയായി ടീമിന്റെ പദ്ധതികളിൽ ബോനൂച്ചിക്ക് സ്ഥാനമില്ലെന്ന് മാനേജ്‌മെന്റ് താരത്തെ അറിയിച്ചിരുന്നു. യുഎസിലെ മത്സരങ്ങളിലും താരത്തെ ഉൾപ്പെടുത്തിയില്ല. ഇതിന് ക്ലബ്ബ് നൽകിയ കാരണങ്ങൾ വളരെ ദുർബലമായതാണെന്ന് താരം കരുതുന്നു. ഇതിനെല്ലാം പുറമെ ക്ലബ്ബിന്റെ ജിം, റെസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ മുതലായ സൗകര്യങ്ങളിൽ നിന്നും താരത്തെ വിലക്കി. ഇതാണ് ബനൂച്ചിയെ ചൊടിപ്പിച്ചത്.
കേസ് വിജയിച്ചു നഷ്ടപരിഹാരം ലഭിച്ചാൽ ഈ തുക ടുറിനിലെ റെജിന മാർഗരിറ്റ ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗത്തിന് സഹായം നൽകുന്ന “ന്യൂറോലാന്റ്” എന്ന അസോസിയേഷന് നൽകാനും താരം തീരുമാനിച്ചു കഴിഞ്ഞതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ കായിക ഉപകരണങ്ങൾ ലേലത്തിൽ സ്പോർട്സ് ക്ലബ്ബ്കൾക്കും സ്‌കൂളുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകുന്ന ലിവ് ഓൺലസ് എന്ന സംഘടനക്കും ഒരു തുക നൽകും.