ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സ്പെസിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു ലാസിയോ. ജയത്തോടെ മൂന്നാം സ്ഥാനക്കാർ ആയ റോമയെക്കാൾ 8 പോയിന്റുകൾ മുന്നിൽ രണ്ടാം സ്ഥാനത്തെ സ്ഥാനം ലാസിയോ കൂടുതൽ ഉറപ്പിച്ചു. മത്സരത്തിൽ ഫിലിപ്പെ ആന്റേഴ്‌സൻ നേടി നൽകിയ വിവാദ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ചിറോ ഇമ്മൊബെയിൽ ആണ് ലാസിയോക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ഈ ഗോളോടെ ഏഴാം സീസണിൽ ലാസിയോക്ക് ആയി 10 ൽ അധികം ഗോളുകൾ ഇറ്റാലിയൻ താരം നേടി.
രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ 52 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫിലിപ്പെ ആന്റേഴ്‌സൻ ലാസിയോക്ക് രണ്ടാം ഗോളും നേടി. 84 മത്തെ മിനിറ്റിൽ നേരത്തെ പെനാൽട്ടി വഴങ്ങിയ ഏഥൻ അമ്പടു രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് സ്പെസിയക്ക് വലിയ തിരിച്ചടിയായി. 89 മത്തെ മിനിറ്റിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിന് ഒടുവിൽ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ മാർകോസ് അന്റോണിയോ ലാസിയോയുടെ വലിയ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ സ്പെസിയ 17 സ്ഥാനത്ത് ആണ്, അതേസമയം ബദ്ധവൈരികൾ ആയ റോമക്ക് മുകളിൽ ലീഗിൽ രണ്ടാമത് നിലനിൽക്കാൻ ഈ ജയം ലാസിയോയെ സഹായിക്കും.