ലാസിയോയുടെ മധ്യനിര താരമായ സാവിച് താൻ ക്ലബ് വിടുന്നത് ആലോചിക്കുന്നേ ഇല്ല എന്ന് പറഞ്ഞു. ഇന്നലെ ലാസൊയോ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സാവിച്. ലാസിയോയിൽ എത്തിയത് മുതൽ തന്റെ ആഗ്രഹമായിരുന്നു ഇവർക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നത്. ആ ലക്ഷ്യത്തിലാണ് ഇപ്പോൾ എത്തിയത്. താൻ ഈ ക്ലബ് വിട്ട് എവിടെയും പോകില്ല എന്നും സാവിച് പറഞ്ഞു.
ഇന്നലെ കലിയരിക്ക് എതിരായ ജയത്തിൽ സാവിച് ഒരു ഗോളും നേടിയിരുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് ലാസിയോ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തുന്നത്. തനിക്ക് ഇനിയും കരാർ ബാക്കിയുണ്ട് എന്നും അതുകൊണ്ട് ഭാവിയെ കുറിച്ച് ആശങ്ക ഇല്ല എന്നും സാവിച് പറഞ്ഞു. സാവിചിനെ സ്വന്തമാക്കാനുള്ള യൂറോപ്പിലെ വൻ ക്ലബുകളുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് താരത്തെ ഈ പ്രസ്താവനകൾ. സാവിച് ലാസിയോയുമായി പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്നതായാണ് വിവരങ്ങൾ. 2024വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആകും സാവിച് ഒപ്പുവെക്കുക. പുതിയ കരാറോടെ ലാസിയോയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി സാവിച് മാറും.
ഈ സീസണിൽ ലാസിയോക്ക് വേണ്ടി 7 ഗോളും ഏഴ് അസിസ്റ്റും താരം സംഭാവന നൽകിയിട്ടുണ്ട്. 2015 മുതൽ ലാസിയോക്ക് വേണ്ടി കളിക്കുന്ന താരമാണ് സാവിച്.