ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നും വേണ്ട യുവന്റസിന് എ സി മിലാനെ മറികടക്കാൻ. ഇന്ന് റൊണാൾഡോയും കെല്ലിനിയും ഒന്നും ഇല്ലാതെ ഇറങ്ങിയിട്ടും മിലാനെ തോൽപ്പിക്കാൻ യുവന്റസിനായി. ഒരു ഗോളിന് പിറകിൽ പോയ ശേഷം മികച്ച സെക്കൻഡ് ഹാഫ് പ്രകടനത്തോടെ ആയിരുന്നു യുവന്റസ് തിരിച്ചുവന്നത്. യുവതാരം മോയിസെ കീൻ ആണ് ഇന്നും യുവന്റസിന്റെ താരമായത്.
കളിയുടെ ആദ്യ പകുതിയിൽ പിയറ്റെക്കിലൂടെ മിലാൻ ലീഡ് എടുത്തു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും മിലാൻ ആയിരുന്ന്യ് മികച്ച പ്രകടനം കാഴ്ചവെച്ചതും. പക്ഷെ ബൊണൂചിയുടെ ഒരു പാസ് കളി ആകെ മാറ്റി. പിറകിൽ നിന്ന് ബൊണൂചി കൊടുത്ത് മികച്ച പാസ് ഡിബാല ബോക്സിൽ നിന്ന് സ്വീകരിച്ചു. ആ പന്ത് തടയാൻ ഡിബാലയെ ഫൗൾ ചെയ്തതീടെ യുവന്റസിന് പെനാൾട്ടി ലഭിച്ചു. അത് ഗോളാക്കി മാറ്റി ഡിബാല യുവന്റസിനെ ഒപ്പം എത്തിച്ചു.
പിന്നീട് കളി യുവന്റസിന്റെ നിയന്ത്രണത്തിലായി. സബ്ബായി എത്തിയ കീൻ കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ നേടി ഹീറോ ആയി. പിയാനിചിന്റെ പാസിൽ നിന്നായിരുന്നു കീനിന്റെ ഗോൾ. അവസാന 6 മത്സരങ്ങളിൽ നിന്നായി 19കാരന്റെ ഏഴ് ഗോളായിരുന്നു ഇത്. ഈ വിജയത്തോടെ യുവന്റസ് കിരീടത്തിന് അടുത്തു. നാളെ നാപോളി പരാജയപ്പെടുകയോ, അടുത്ത മത്സരത്തിൽ യുവന്റസ് വിജയിക്കുകയോ ചെയ്താൽ യുവന്റസ് ഇറ്റലിയിൽ ഒരിക്കൽ കൂടെ ചാമ്പ്യന്മാരാകും.