ഇറ്റാലിയൻ സീരി എയിൽ പുതിയ സീസൺ ജയത്തോടെ തുടങ്ങി യുവന്റസ്. ഉഡിനെസെയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. യുവന്റസ് കൂടുതൽ നേരം പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് എതിരാളികൾ ആയിരുന്നു. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വ്ലാഹോവിച്ചിന്റെ പാസിൽ നിന്നു ഫെഡറികോ ചിയെസ യുവന്റസിനെ മുന്നിൽ എത്തിച്ചു. 20 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട വ്ലാഹോവിച് യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സുന്ദരമായ ടീം ഗോളോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. ചിയെസയുടെ ബാക് ഹീൽ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ നൽകിയ ക്രോസിൽ നിന്നു ഹെഡറിലൂടെ റാബിയോറ്റ് ആണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എ.എസ് റോമ സലർനിറ്റാനയോട് 2-2 ന്റെ സമനില വഴങ്ങി. റോമക്ക് ആയി ആന്ദ്രയ ബെലോട്ടി ഇരട്ടഗോൾ നേടിയപ്പോൾ അന്റോണിയോ കാന്ദ്രേവ എതിർ ടീമിന് ആയി 2 ഗോളുകൾ നേടി. അറ്റലാന്റ സീസൺ ജയിച്ചു തുടങ്ങിയപ്പോൾ ലാസിയോ ആദ്യ മത്സരത്തിൽ ലെകെയോട് പരാജയപ്പെട്ടു. ആദ്യം ഗോൾ നേടിയ ശേഷം 2 ഗോൾ വഴങ്ങിയാണ് ലാസിയോ പരാജയം ഏറ്റുവാങ്ങിയത്.