ആദ്യം 3 ഗോളിന് മുന്നിൽ, പിന്നെ 3-3, അവസാനം ഇഞ്ച്വറി ടൈമിൽ യുവന്റസ് ജയം!!

- Advertisement -

ഇറ്റലിയിൽ ഇന്ന് കണ്ടത് ക്ലാസിക്ക് എന്ന് വിളിക്കാവുന്ന പോരാട്ടം. ഇറ്റലിയിലെ വമ്പന്മാരായ യുവന്റസും നാപോളിയും തമ്മിൽ നടന്ന പോരാട്ടം അത്രയ്ക്ക് ആവേശകരമായിരുന്നു. ഒരു ഇഞ്ച്വറി ടൈം ഗോളിലാണ് 4-3ന്റെ വിജയം ഇന്ന് യുവന്റസ് സ്വന്തമാക്കിയത്. കളിയിൽ ഒരു ഘട്ടത്തിൽ 3-0ന് മുന്നിൽ ആയിരുന്നു യുവന്റസ്. പക്ഷെ വിജയം ഉറപ്പിച്ചെന്ന് കരുതി നിന്ന് യുവന്റസ് നാപോളിടെ തിരിച്ചുവരവിൽ യുവന്റസ് വിറങ്ങലിക്കുകയായിരുന്നു.

ആദ്യ ഡാനിലോയും ഹിഗ്വയിനും നേടിയ ഗോളിൽ ആദ്യ പകുതിയിൽ യുവന്റസ് 2-0ന് മുന്നിൽ എത്തി. ഗംഭീരമായ ടേണിനു ശേഷം എടുത്ത ഷോട്ടിലൂടെ ആയിരുന്നു ഹിഗ്വയിന്റെ ഗോൾ. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ റൊണാൾഡോ കൂടെ വല കുലുക്കിയതോടെ 3-0ന് യുവന്റസ് മുന്നിൽ. കളിയിൽ മൂന്ന് പോയന്റ് സ്വന്തമായി എന്ന് യുവംറ്റസ് കരുതി.

എന്നാൽ ഒന്നിനു പിറകെ ഒന്നായി നാപോളി തിരിച്ചടിച്ചു. ആദ്യം 66ആം മിനുട്ടിൽ മനോലാസ്, പിന്നാലെ 68ആം മിനുട്ടിൽ റെക്കോർഡ് സൈനിംഗ് ലൊസാനോ. അത് കഴിഞ്ഞ് 81ആം മിനുട്ടിൽ ഡി ലൊറൻസോയും. സ്കോർ 3-3. പിന്നെ ഇരു ടീമുകളും വിജയ ഗോളിനായുള്ള തിരച്ചലായി. അവസാനം 93ആം മിനുട്ടിൽ ഒരു യുവന്റസ് ഫ്രീകിക്ക്. ആ ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വന്തം പോസ്റ്റിലേക്ക് പന്ത് എത്തിച്ച് കൗലിബലി നാപോളിയുടെ വില്ലനായി. 4-3ന് യുവന്റസ് വിജയം.

Advertisement