സീരി എയിൽ ഇന്റർ മിലാൻ അവരുടെ ആധിപത്യം തുടരുന്നു. ഇന്ന് വെറോണയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. നാടകീയമായ അവസാന നിമിഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ വിജയം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെ ഇന്റർ മിലാൻ ലീഡ് എടുത്തു. ലൗട്ടാരോയുടെ ലീഗിലെ 16സം ഗോളായിരുന്നു ഇത്.
ഈ ഗോളിന് രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ തോമസ് ഹെൻറിയിലൂടെ വെറോണ മറുപടി നൽകി. 90ആം മിനുട്ട് വരെ ഈ സമനില തുടർന്നു. അവസാനം ഫ്രറ്റെസിയുടെ ഗോളിൽ ഇന്റർ മിലാൻ ലീഡെടുത്തു. അതു കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ വെരോണക്ക് സമനില നേടാൻ ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടി. പക്ഷെ അത് ലക്ഷ്യത്തിൽ എത്തിക്കാൻ തോമസ് ഹെൻറിക്ക് ആയില്ല. ഇതോടെ ഇന്റർ വിജയം ഉറപ്പിച്ചു.
19 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ഇന്റർ ഇപ്പോൾ ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള യുവന്റസിനെക്കാൾ 5 പോയിന്റ് ലീഡ് ഇന്ററിനുണ്ട്.