സീരി എയിൽ ഇന്റർ മിലാൻ അവരുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ എവേ മത്സരത്തിൽ മോൻസയെ നേരിട്ട ഇന്റർ മിലാൻ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയം തന്നെ നേടി. ഇന്റർ മിലാന് മുന്നിൽ പിടിച്ച് നിൽക്കാൻ മോൻസക്ക് ആയില്ല. ആദ്യ 14 മിനുട്ടിൽ തന്നെ ഇന്റർ മിലാൻ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഇന്റർ മിലാനായി ആദ്യം ഒരു പെനാൾട്ടിയിലൂടെ ഹകൻ ചാഹനൊഗ്ലു ആണ് വല കുലുക്കിയത്.
14ആം മിനുട്ടിൽ ലൗട്ടാരോയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 30ആം മിനുട്ടിൽ പെസ്സിനയിലൂടെ ഒരു ഗോൾ മോൻസ മടക്കി. സ്കോർ 2-1. പക്ഷെ 60ആം മിനുട്ടിൽ ചാഹനൊഗ്ലു വീണ്ടും ഇന്ററിനായി വല കുലുക്കി. സ്കോർ 3-1. മറുവശത്ത് പെസ്സിന വീണ്ടും മോൻസക്ക് ആയി ഗോൾ നേടി. സ്കോർ 3-2.
84ആം മിനുട്ടിൽ ലൗട്ടാരോയുടെ പെനാൾട്ടി സ്കോർ 4-2 എന്നാക്കി. 88ആം മിനുട്ടിൽ തുറാം കൂടെ ഗോൾ നേടിയതോടെ ഇന്റർ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ ഇന്റർ മിലാൻ 51 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള യുവന്റസുമായി 5 പോയിന്റിന്റെ ലീഡ് ഇന്ററിന് ഉണ്ട്. ലൗട്ടാരോ ഈ മത്സരത്തിലെ ഗോളുകളിലൂടെ 18 ഗോളിൽ എത്തി.