സീരി എയിലെ കിരീട പോരാട്ടം ആവേശകരമാകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഇന്റ മിലാനെ ലാസിയോ പരാജയപ്പെടുത്തിയതോടെ ഒന്നാമത് എത്തേണ്ടിയിരുന്ന ഇന്റർ മൂന്നാം സ്ഥാനത്തേക്ക് വീണു. ഗംഭീര മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലാസിയോ തിരിച്ചടിച്ച് വിജയം സ്വന്തമാകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. മത്സരത്തിന്റെ 44ആം മിനുട്ടിൽ ആഷ്ലി യങ്ങിന്റെ ഗോളിലൂടെയാണ് ഇന്റർ മുന്നിൽ എത്തിയത്.
യങ്ങിന്റെ ഇന്റർ മിലാനു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഗംഭീരമായി തിരിച്ചുവരാൻ ലാസിയോക്ക് ആയി. 50ആം മിനുട്ടിൽ ഒരു പെനാൽറ്റി ലക്ഷ്യതീത്തിച്ച് ഇമ്മൊബിലെ ആണ് തിരിച്ചടി തുടങ്ങിയത്. പിന്നീട് 69ആം മിനുട്ടിൽ മിങ്കോവിച് സാവിചിലൂടെ ലാസിയോ വിജയ ഗോളും നേടി. ലാസിയോ 3 വിജയത്തോടെ 56 പോയന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 54 പോയന്റുമായി ഇന്റർ മൂന്നാമതും 57 പോയന്റുമായി യുവന്റസ് ഒന്നാമതും നിൽക്കുകയാണ്.