ഇഞ്ചുറി ടൈമിൽ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിൽ ജെനോവക്കെതിരെ ജയിച്ച് യുവന്റസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. മൂന്ന് ചുവപ്പ് കാർഡ് കണ്ടമത്സരത്തിൽ സമനില വഴങ്ങുന്നതിൽ നിന്ന് യുവന്റസ് രക്ഷപെടുകയായിരുന്നു. അവസാന 30 മിനുട്ടിൽ അധികം 9 പേരുമായാണ് ജെനോവ കളിച്ചത്. എന്നിട്ടും ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിൽ യുവന്റസ് തടിതപ്പുകയായിരുന്നു. യുവന്റസിന് വേണ്ടി ബൊനൂച്ചിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജെനോവ കൗമയിലൂടെ സമനില പിടിച്ചു.
തുടർന്ന് രണ്ടാം പകുതിയുടെ 51ആം മിനുട്ടിൽ കസറ്റയും 57ആം മിനുറ്റിൽ മർചെട്ടിയും ചുവപ്പ് കാർഡ് കണ്ടതോടെ ജെനോവ 9 പേരുമായി ചുരുങ്ങിയെങ്കിലും യുവന്റസ് ആക്രമണത്തെ അവർ ഫലപ്രദമായി ചെറുക്കുകയും ചെയ്തു. തുടർന്ന് മത്സരം തീരാൻ മിനുറ്റുകൾ മാത്രം ബാക്കിനിൽക്കെ യുവന്റസ് താരം റാബിയോട്ടും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. തുടർന്നാണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ റൊണാൾഡോ യുവന്റസിന് ജയം നേടി കൊടുത്തത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും യുവന്റസിനായി.